KeralaNEWS

ഹൈക്കോടതിയിലെ വിരമിക്കല്‍ പ്രായം 58 ആക്കണം; തീരുമാനം സര്‍ക്കാരിന് വിട്ടു

കൊച്ചി: ഹൈക്കോടതിയില്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനം സര്‍ക്കാരിനു വിട്ടു. മികവു തെളിയിച്ചവരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതാണ് പരിഗണിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. വിഷയം സര്‍ക്കാര്‍ വേഗം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി.

വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലെ തന്നെ ജീവനക്കാരാണ് ഹര്‍ജി നല്‍കിയത്. മികവു തെളിയിച്ചവരുടെ വിരമിക്കല്‍ പ്രായം 56 ല്‍ നിന്നും 58 ആയി ഉയര്‍ത്തണമെന്നാണ് ആവശ്യം. മറ്റു ഹൈക്കോടതികളില്‍ 60 ആണ് വിരമിക്കല്‍ പ്രായം. മാത്രമല്ല, സര്‍ക്കാരിന്റെ തന്നെ പല സര്‍വീസുകളിലും വിരമിക്കല്‍ പ്രായം 60 ആണ്. ഇക്കാര്യങ്ങള്‍ പരിഗണിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.

Signature-ad

ഈ ആവശ്യങ്ങളിലെ തീരുമാനമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് വിട്ടത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.

നേരത്തേ, ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുള്ള ശിപാര്‍ശ ചീഫ് ജസ്റ്റിസ് സര്‍ക്കാരിന് അയച്ചിരുന്നു. സ്ഥാപനത്തിന്റെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഇത്തരമൊരു ശിപാര്‍ശ ചീഫ് ജസ്റ്റിസ് അയച്ചതെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഉന്നതതല യോഗത്തില്‍ ഈ ശിപാര്‍ശ സംബന്ധിച്ച് ശരിയായ കാഴ്ചപ്പാട് കൈക്കൊണ്ടിട്ടില്ലെന്നും കോടതി പരാമര്‍ശിച്ചു.

Back to top button
error: