പട്‌ന: കോണ്‍ഗ്രസ് യുവനേതാവ് കനയ്യ കുമാര്‍ പങ്കെടുത്ത പരിപാടിയില്‍ നിന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് വിട്ടു നിന്നു. കുംഹാര്‍ സമാജ് സമന്വയ സമിതി സംഘടിപ്പിച്ച പരിപാടിയാണ് മുഖ്യാതിഥിയായിരുന്ന തേജസ്വി യാദവ് ഒഴിവാക്കിയത്. കനയ്യ കുമാറുമൊത്തു വേദി പങ്കിടാനുള്ള വൈമുഖ്യം കാരണമാണു തേജസ്വി വിട്ടുനിന്നതെന്നാണ് ആരോപണം. അതേസമയം, ബിഹാര്‍ മന്ത്രിമാരായ അശോക് ചൗധരിയും മുഹമ്മദ് മന്‍സൂരിയും ചടങ്ങില്‍ കനയ്യ കുമാറിനൊപ്പം നിലവിളക്കു കൊളുത്തി.
കനയ്യ കുമാര്‍ ബിഹാര്‍ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനോട് ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും തേജസ്വി യാദവും താല്‍പര്യം കാണിക്കാറില്ല. കനയ്യ കുമാറിനെ കോണ്‍ഗ്രസിലെടുത്തതിനു ശേഷം ഉപതെരഞ്ഞെടുപ്പുകളില്‍ ആര്‍ജെഡി കോണ്‍ഗ്രസിനെ അവഗണിച്ചിരുന്നു.
കനയ്യ കുമാറിനെ കോണ്‍ഗ്രസ് ബിഹാര്‍ സംസ്ഥാന അധ്യക്ഷനാക്കാനുള്ള നീക്കം സംസ്ഥാന ഘടകത്തിലെ മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പു കാരണമാണു നടക്കാതെ പോയത്. ബിഹാര്‍ മഹാസഖ്യത്തില്‍ ആര്‍ജെഡി, സിപിഐ സഖ്യകക്ഷികള്‍ക്കും കനയ്യ കുമാറിനോടു താല്‍പര്യക്കുറവുണ്ട്.
അതേസമയം, യുവനേതാവ് കനയ്യ കുമാറിനെ കോണ്‍ഗ്രസില്‍ സുപ്രധാന പദവികളിലേക്കു പരിഗണിക്കുന്നതായി സൂചനയുണ്ട്. കോണ്‍ഗ്രസ് ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ തുടങ്ങിയ സ്ഥാനങ്ങളാണ് കനയ്യ കുമാറിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡല്‍ഹി സംസ്ഥാനത്ത് ആം ആദ്മി പാര്‍ട്ടി പ്രതിഭാസത്തില്‍ തകര്‍ന്നു പോയ കോണ്‍ഗ്രസിനു പുതുജീവന്‍ പകരാന്‍ കനയ്യ കുമാറിനെ പരീക്ഷിക്കണമെന്ന വാദവും ശക്തമാണ്. ഡല്‍ഹി വോട്ടര്‍മാരില്‍ വലിയൊരു ഭാഗം യുപി ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായതിനാല്‍ കനയ്യ കുമാറിനു പിന്തുണയാര്‍ജിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
ദേശീയ തലത്തില്‍ തന്നെ കോണ്‍ഗ്രസിന്റെ താരപ്രചാരകനായി മാറിയ കനയ്യ കുമാറിനെ യുവജനങ്ങളെ ആകര്‍ഷിക്കാനായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കു നിയോഗിക്കാനും സാധ്യതയുണ്ട്. കനയ്യ കുമാര്‍ ഭാരത് ജോഡോ യാത്രയിലുടനീളം രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.