IndiaNEWS

രോഗികൾക്ക് ട്രെയിനിൽ 75 ശതമാനം വരെ ഇളവ്; കൂടുതൽ അറിയാം

ക്ഷീണമില്ലാതെ ലക്ഷ്യസ്ഥാനത്ത് എത്താം എന്ന കാരണത്താല്‍ പ്രായമായവരും ശാരീരിക അസ്വസ്ഥതകള്‍ ഉള്ളവരും കൂടുതലും ട്രെയിനിനെയാണ് ആശ്രയിക്കുന്നത്.മറ്റു ഗതാഗത മാര്‍ഗ്ഗങ്ങലെ അപേക്ഷിച്ച്‌ കുറഞ്ഞ നിരക്കും ട്രെയിൻ യാത്രകളുടെ പ്രത്യേകതയാണ്.ഇതു മാത്രമല്ല, അര്‍ഹരായ ആളുകള്‍ക്ക് യാത്രാ നിരക്കില്‍ നിരവധി ആനുകൂല്യങ്ങളും ഇന്ത്യൻ റെയില്‍വേ വാഗ്ദാനം ചെയ്യുന്നുണ്ട്.
മുതിര്‍ന്ന പൗരന്മാര്‍ക്കും ക്യാൻസര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങളാല്‍ വലയുന്നവര്‌‍ക്കും അവരുടെ ട്രെയിൻ യാത്രയിലെ ടിക്കറ്റ് നിരക്കില്‍ റെയില്‍വേ ഇളവ് നല്കുന്നുണ്ട്. പരമാവധി 75 ശതമാനം വരെയാണ് ഇളവ്. ശാരീരിക അവശതകള്‍ അനുഭവിക്കുന്നവര്‍ക്കും രോഗങ്ങളുള്ളവര്‍ക്കും ഇന്ത്യൻ റെയില്‍വേ ട്രെയിൻ ടിക്കറ്റ് നിരക്കില്‍ നല്കുന്ന ഇളവുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.പരസഹായം കൂടാതെ യാത്ര ചെയ്യുവാന്‍ സാധിക്കാത്ത എല്ല് രോഗങ്ങളോ, എല്ലിന് വൈകല്യങ്ങളോ ഉള്ളവര്‍, തളര്‍വാതം പിടിപെട്ടവര്‍ എന്നിവര്‍ക്കും തനിയെ യാത്ര ചെയ്യുവാൻ സാധിക്കാത്ത തരത്തില്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, കാഴ്ചയില്ലാത്ത ആളുകള്‍ എന്നിവര്‍ക്ക് അവരുടെ ഏതു തരത്തിലുള്ള യാത്രകള്‍ക്കും റെയില്‍വേ ടിക്കറ്റ് നിരക്കില്‍ ഇളവ് നല്കുന്നു.

എസി ത്രീ ടയര്‍, എസി ചെയര്‍ കാര്‍, ഫസ്റ്റ് ക്ലാസ്, സ്ലീപ്പര്‍, സെക്കൻഡ് ക്ലാസ് എന്നിവയില്‍ 75% നിരക്കിളവും ഫസ്റ്റ് എസി, എസി ടു ടയര്‍ എന്നിവയില്‍ 50% ഉം രാജധാനി, ശതാബ്ദി എക്സ്പ്രസുകളിലെ എസി 3 ടയിര്‍, എസി ചെയര്‍ കാര്‍ എന്നിവയില്‍ 25% ഉം ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് മന്ത്ലി, ക്വാര്‍ട്ടേര്‍ലി സീസണ്‍ ടിക്കറ്റില്‍ 50 ശതമാനവും നിരക്കിളവ് ലഭിക്കും. ഇതേ തരത്തിലുള്ള നിരക്കിളവിന് കൂടെ യാത്ര ചെയ്യുന്ന ഒരാളും യോഗ്യനാണ്.

ബധിരരും മൂകരുമായ വ്യക്തികള്‍ ഒറ്റയ്‌ക്കോ ഒരാളുടെ സഹായത്തോടെയോ ഏതെങ്കിലും ആവശ്യത്തിനായി യാത്ര ചെയ്യുമ്ബോള്‍-ഫസ്റ്റ് ക്ലാസ്, സ്ലീപ്പര്‍, സെക്കൻഡ് ക്ലാസ് എന്നിവയില്‍ 50% നിരക്കിളവും ഫസ്റ്റ് ക്ലാസ്, സെക്കൻഡ് ക്ലാസ് മന്ത്ലി, ക്വാര്‍ട്ടേര്‍ലി സീസണ്‍ ടിക്കറ്റില്‍ 50 ശതമാനവും കിഴിവ് ലഭിക്കും, ഇതേ തരത്തിലുള്ള നിരക്കിളവിന് കൂടെ യാത്ര ചെയ്യുന്ന ഒരാളും യോഗ്യനാണ്.

ക്യാൻസര്‍ ബാധിതരായ ആളുകള്‍ തനിച്ചോ കൂടെ ഒരാളോടൊപ്പമോ ചികിത്സാ ആവശ്യങ്ങള്‍ക്കോ പരിശോധനയ്ക്കായോ യാത്ര പോകുമ്ബോള്‍ എസി ചെയര്‍ കാര്‍, ഫസ്റ്റ് ക്ലാസ്, സ്ലീപ്പര്‍, സെക്കൻഡ് ക്ലാസ് എന്നിവയില്‍ 75% നിരക്കിളവും സ്ലീപ്പര്‍ അല്ലെങ്കില്‍ എസി ത്രീ ടയറില്‍ 100 ശതമാനം നിരക്കിളവും ഫസ്റ്റ് എസിയിലും എസി 2 ടയറിലും 50% ഉം നിരക്ക് ലഭിക്കും. കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഇതേ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും എസി 3 ടയറിലും സ്ലീപ്പറിലും 75 ശതമാനമായിരിക്കും ലഭിക്കുക.

ഹൃദയ ശസ്ത്രക്രിയക്കായി പോകുന്ന ഹൃദ്രോഗികള്‍, കിഡ്നി മാറ്റിവയ്ക്കല്‍ ഓപ്പറേഷൻ, ഡയാലിസിസ് തുടങ്ങിയവയ്ക്കായി പോകുന്ന വൃക്ക രോഗികള്‍ എന്നിവര്‍ക്കും അവരുടെ ഒപ്പം പോകുന്ന ഒരാള്‍ക്കും നിരക്കിളവ് ലഭ്യമാണ്.എസി ത്രീ ടയര്‍, എസി ചെയര്‍ കാര്‍, ഫസ്റ്റ് ക്ലാസ്, സ്ലീപ്പര്‍, സെക്കൻഡ് ക്ലാസ് എന്നിവയില്‍ 75% നിരക്കിളവും ഫസ്റ്റ് എസിയിലും എസി 2 ടയറിലും 50% ഉം നിരക്കിളവുണ്ട്. കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും ഇതേ നിരക്കില്‍ തന്നെ ഇളവ് ലഭ്യമാണ്.

ഹീമോഫീലിയ രോഗികള്‍ക്ക് തനിച്ചോ ആരുടെയെങ്കിലും ഒപ്പമോ ചികിത്സാ ആവശ്യങ്ങള്‍ക്കോ പരിശോധനയ്ക്കായോ യാത്ര ചെയ്യുമ്ബോള്‍ എസി ത്രീ ടയര്‍, എസി ചെയര്‍ കാര്‍, ഫസ്റ്റ് ക്ലാസ്, സ്ലീപ്പര്‍, സെക്കൻഡ് ക്ലാസ് എന്നിവയില്‍ 75% നിരക്കിളവ് ലഭിക്കും.രോഗിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും ഇതേ നിരക്കില്‍ തന്നെ ഇളവ് ലഭ്യമാണ്.

ക്ഷയരോഗം./ലൂപാസ് വാല്‍ഗാരിസ് രോഗികള്‍, സാംക്രമികമല്ലാത്ത കുഷ്ഠരോഗികള്‍ തുടങ്ങിയവര്‍ ഒറ്റയ്ക്കോ അകമ്ബടിയോടെയോ ചികിത്സാ ആവശ്യങ്ങള്‍ക്കോ പരിശോധനയ്ക്കായോ യാത്ര ചെയ്യുമ്ബോള്‍ ഫസ്റ്റ് ക്ലാസ്, സ്ലീപ്പര്‍, സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകളില്‍75 ശതമാനം നിരക്കിളവ് ലഭിക്കും. രോഗിയുടെ കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും ഇതേ നിരക്കില്‍ തന്നെ ഇളവ് ലഭ്യമാണ്.

എയ്ഡ്സ് രോഗികള്‍ക്ക് ചികിത്സാ ആവശ്യങ്ങള്‍ക്കോ പരിശോധനയ്ക്കായോ യാത്ര ചെയ്യുമ്ബോള്‍ സെക്കൻഡ് ക്ലാസില്‍ 50 ശതമാനം നിരക്കിളവിന് അര്‍ഹരാണ്.

ഓസ്റ്റോമി രോഗികള്‍ ഏതെങ്കിലും ആവശ്യത്തിനായി യാത്ര ചെയ്യുന്നുണ്ടെങ്കില്‍ ഫസ്റ്റ് ക്ലാസിലും സെക്കൻഡ് ക്ലാസിലും മന്ത്ലി, ക്വാര്‍ട്ടേര്‍ലി സീസണ്‍ ടിക്കറ്റിലും 50 % നിരക്കിളവ് ലഭിക്കും.

 

‌സിക്കിള്‍ സെല്‍ അനീമിയ രോഗികള്‍, അപ്ലാസ്റ്റിക് അനീമിയ രോഗികള്‍ എന്നിവര്‍ക്ക് അവരുടെ ചികിത്സ/ആനുകാലിക പരിശോധന എന്നിവയ്ക്കായി പോകുമ്ബോള്‍ എസി ത്രീ ടയര്‍, എസി 2 ടയര്‍, എസി ചെയര്‍ കാര്‍, സ്ലീപ്പര്‍ എന്നിവയില്‍ 50 ശതമാനം നിരക്കിളവ് ലഭിക്കും.

Back to top button
error: