ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് വിറ്റാമിൻ ബി 12. ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട പോഷണമാണ് വിറ്റാമിൻ ബി12. ചുവന്ന രക്താണുവിന്റെ രൂപീകരണത്തെ സഹായിക്കുക, ഉപാപചയ പ്രവർത്തനനിരക്ക് നിയന്ത്രിക്കുക, കേന്ദ്രനാഡീ വ്യവസ്ഥയെ സംരക്ഷിക്കുക, എന്നിവയിലെല്ലാം വിറ്റാമിൻ ബി12 പ്രധാന പങ്കുവഹിക്കുന്നു.
തലച്ചോറിന്റെ ശരിയായ പ്രവർത്തനത്തിനും വികസനത്തിനും വിറ്റാമിൻ ബി12 ആവശ്യമാണ്. ഡിഎൻഎയുടെ രൂപപ്പെടലിനും ബി12 ആവശ്യമാണ്. വയറിൻറെ ഭിത്തികളിൽ നീര് വയ്ക്കുന്ന ഗ്യാസ്ട്രിറ്റിസ്, ദഹനപ്രശ്നങ്ങൾ, മദ്യപാനം എന്നിവയെല്ലാം വിറ്റാമിൻ ബി 12 അഭാവത്തിലേയ്ക്ക് നയിക്കാറുണ്ട്.
വിറ്റാമിൻ ബി 12 അഭാവത്തിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
അമിതമായ ക്ഷീണം, തളർച്ച, വിളർച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ചർമ്മത്തിലെ മഞ്ഞനിറം തുടങ്ങിയവയെല്ലാം ഒരുപക്ഷേ വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാണ്.
വിറ്റാമിൻ ബി12 അഭാവം രൂക്ഷമാകുമ്പോൾ ലക്ഷണങ്ങളും കൂടുതൽ സങ്കീർണമാകും. കാഴ്ച നഷ്ടം, കൈയിലും കാലിലും മരവിപ്പും തരിപ്പും, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദരോഗം, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ എന്നിവ ചിലരിൽ ഉണ്ടാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
വിറ്റാമിൻ ബി12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ…
പാൽ, മുട്ട, മത്സ്യം, യോഗർട്ട്, ബീഫ്, സാൽമൺ ഫിഷ്, ചൂര, ചീസ്, മത്തി, പാലുൽപന്നങ്ങൾ, സോയ മിൽക്ക്, അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.