വണ്ണം കുറയ്ക്കാൻ നൂറ് വഴികൾ പരീക്ഷിച്ചു, എന്നിട്ടും പ്രയോജനമില്ലെന്ന് പറയുന്നവരാണ് പലരും. എന്തുചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന് പരാതിപ്പെടുന്നവർ ശരിയായ സമയത്ത് ശരിയായ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഒപ്പം വ്യായാമവും വേണം. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രികാലങ്ങളിൽ കുറച്ച് ഭക്ഷണം മാത്രം കഴിക്കാൻ ശ്രമിക്കുക. അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാർ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരാത്തതിനാൽ വളരെ കുറച്ച് ഭക്ഷണം മാത്രമേ രാത്രി കഴിക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ അവ ദഹിക്കാൻ ബുദ്ധിമുട്ടാണ്.
രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നതും വണ്ണം വയ്ക്കാനൊരു പ്രധാന കാരണമാണ്. അതിനാൽ ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് എങ്കിലും അത്താഴം കഴിച്ചിരിക്കണം. ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ രാത്രി കഴിക്കരുത്. ലഘുവായതും എളുപ്പത്തിൽ ദഹിക്കാവുന്നതുമായ ഭക്ഷണമാണ് അത്താഴത്തിന് തിരഞ്ഞെടുക്കേണ്ടത്. അതായത് ചോറ് രാത്രി കഴിക്കരുത്.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ അത്താഴത്തിന് കഴിക്കേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
- വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച ഭക്ഷണമാണ് ഓട്സ്. രാത്രി ചോറിന് പകരം ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. ഒരു കപ്പ് ഓട്സിൽ 7.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാനും ഓട്സ് സഹായിക്കും.
- നട്സ് ആണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഫൈബർ ധാരാളം അടങ്ങിയ നട്സ് വണ്ണവും കുടവയറും കുറയ്ക്കാൻ സഹായിക്കും. നട്സ് പെട്ടെന്ന് വയർ നിറയ്ക്കാൻ സഹായിക്കുകയും ചെയ്യും. അതിനാൽ ബദാം, വാൾനട്സ്, പിസ്ത തുടങ്ങിയ നട്സുകൾ രാത്രി കഴിക്കുന്നത് നല്ലതാണ്.
- ആപ്പിൾ കഴിച്ചാൽ ഡോക്ടറെ മാത്രമല്ല, അമിത വിശപ്പിനെയും അകറ്റാവുന്നതാണ്. ഫൈബർ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്നു ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതിനാൽ രാത്രി ഒരു ആപ്പിൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും നല്ലതാണ്.
- അമിത വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഉറപ്പായും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. ഒപ്പം കലോറി വളരെ കുറവുമായതിനാൽ വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അത്താഴത്തിന് ഒരു മുട്ട കഴിക്കാം.
- ഉപ്പുമാവ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വയറ് കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കിൽ ഉപ്പുമാവ് അനുയോജ്യമായൊരു ഭക്ഷണം ആണ്. ഫൈബറിനാൽ സമ്പന്നമായതിനാലും ഫാറ്റ് കുറഞ്ഞതിനാലുമാണ് ഉപ്പുമാവ് ഇത്തരത്തിൽ പ്രയോജനപ്പെടുന്നത്.
- പഴങ്ങൾ കൊണ്ടുള്ള സാലഡ് രാത്രി കഴിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് ആൻറി ഓക്സിഡൻറുകൾ അടങ്ങിയ ബെറി പഴങ്ങൾ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.