വയനാട്: പനമരത്ത് ഭക്ഷ്യവിഷബാധയേറ്റു പതിനഞ്ചോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനമരം കാര്യാട്ട് കുടുംബത്തിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സിഎച്ച്സിയിലും സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി എട്ടരയോടെ കല്‍പ്പറ്റയിലെ റസ്റ്ററന്റില്‍നിന്ന് ഇവര്‍ കുഴിമന്തിയും അല്‍ഫാമും കഴിച്ചിരിന്നു. വീട്ടിലെത്തി അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ അസ്വസ്ഥത ഉടലെടുക്കുകയും രാത്രിയില്‍ ഛര്‍ദ്ദിയും വയറിളക്കവും തലവേദനയും അനുഭവപ്പെടുകയുമായിരുന്നു. ഇതോടെയാണ് കുടുംബം ചികിത്സ തേടിയത്. കുടുംബം പരാതിയില്‍ ഉന്നയിച്ച റസ്റ്ററന്റില്‍നിന്ന് തന്നെയാണോ വിഷബാധയുണ്ടായതെന്ന കാര്യം ആരോഗ്യവകുപ്പ് അന്വേഷിച്ചു വരികയാണ്.
വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ജില്ലയായിട്ടുപോലും ഭക്ഷ്യവിഷബാധ ഗൗരവത്തോടെ കാണാത്തതാണ് തുടരെയുള്ള ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നു നാട്ടുകാര്‍ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളെ കൂടി ഉള്‍പ്പെടുത്തി ബന്ധപ്പെട്ടവരുടെ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് അടിയന്തര നടപടികള്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പനമരത്ത് കഴിഞ്ഞവര്‍ഷം മേയില്‍ പെരുന്നാള്‍ ദിനത്തില്‍ വീട്ടിലുണ്ടാക്കിയ കുഴിമന്തിയില്നിന്നു വിഷബാധയേറ്റ് 12 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇതേമാസം തന്നെ മാനന്തവാടിയില്‍ ബാര്‍ അസോസിയേഷന് നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായിരുന്നു. സംഭവത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സ തേടിയിരുന്നു. അഭിഭാഷക സംഗമത്തില്‍ മജിസ്ട്രേറ്റുമാര്‍ ഉള്‍പ്പെടെ അന്‍പതോളം പേരാണ് പങ്കെടുത്തത്.