KeralaNEWS

ദുരിതാശ്വാസനിധി ദുരുപയോഗം; ലോകായുക്ത ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്‌തെന്ന കേസില്‍, വിഷയം ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ലോകായുക്ത തീരുമാനത്തിനെതിരെ പരാതിക്കാരനായ ആര്‍.എസ്.ശശികുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ജൂണ്‍ ഏഴിലേക്കു മാറ്റി. വിഷയം ഫുള്‍ ബെഞ്ചിന് വിട്ട ഡിവിഷന്‍ ബെഞ്ചിന്റെ നടപടി റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ലോകായുക്ത ഫുള്‍ബെഞ്ച് ജൂണ്‍ 6നാണ് കേസ് പരിഗണിക്കുന്നത്.

ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ച് മുഖ്യമന്ത്രിയെയും 17 മന്ത്രിമാരെയും എതിര്‍കക്ഷകളാക്കി ലോകായുക്തയില്‍ ഫയല്‍ ചെയ്ത ഹര്‍ജി മൂന്നംഗ ഫുള്‍ ബെഞ്ചിന് വിട്ട ലോകായുക്ത ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചില്‍ മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം മുഖേനയാണ് ആര്‍.എസ്.ശശികുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്. മന്ത്രിസഭ കൈക്കൊള്ളുന്ന തീരുമാനങ്ങളില്‍ ഇടപെടുന്നതിനുള്ള അധികാരം സംബന്ധിച്ച് ലോകായുക്തയ്ക്കും ഉപലോകയുക്തയ്ക്കും വ്യത്യസ്ത അഭിപ്രായമാണെന്ന കാരണം കണ്ടെത്തി കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിനു വിട്ട നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.

Signature-ad

ഈ വിഷയത്തില്‍ പ്രാഥമിക അന്വേഷണം നടത്തി, ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് വാദം കേട്ട ശേഷം പരാതിയില്‍ വിശദമായി അന്വേഷണത്തിന് ഉത്തരവിട്ടതായതിനാല്‍ വിഷയം വീണ്ടും അന്വേഷണത്തിന് മൂന്നംഗ ബെഞ്ചിന് വിടുന്നത് ലോകായുക്ത നിയമത്തിന് വിരുദ്ധമാണെന്നും, ലോകായുക്തയുടെ നിലപാട് നിയമ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കുമെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. അതിനാല്‍ വാദം കേട്ട ലോകായുക്ത ഡിവിഷന്‍ബെഞ്ച് തന്നെ ഹര്‍ജിയില്‍ ഉത്തരവ് പറയാന്‍ നിര്‍ദ്ദേശം നല്‍കണമെന്നു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

എന്‍സിപി നേതാവായിരുന്ന അന്തരിച്ച ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയും, അന്തരിച്ച ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എന്‍ജിനീയര്‍ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയില്‍നിന്ന് നല്‍കിയതിനെതിരെയാണ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ നല്‍കിയത് ദുരിതാശ്വാസ നിധിയുടെ ദുര്‍വിനിയോഗമാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: