CrimeNEWS

കുട്ടികള്‍ക്ക് അമിത അളവില്‍ ഉറക്ക ഗുളിക നല്‍കി, മൂത്ത കുട്ടിയെ ജീവനോടെ കെട്ടിത്തൂക്കി; ചെറുപുഴ കൂട്ടമരണത്തില്‍ നടുക്കുന്ന വിവരങ്ങള്‍ പുറത്ത്

കണ്ണൂര്‍: ചെറുപുഴയില്‍ കുട്ടികളെ കൊലപ്പെടുത്തി ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്നു കുട്ടികള്‍ക്കും അമിതമായ അളവില്‍ ഉറക്കഗുളികകള്‍ നല്‍കിയിരുന്നതായി പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. മൂത്ത കുട്ടി സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്നും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

മറ്റു രണ്ടു കുട്ടികളും അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ചതിനെത്തുടര്‍ന്ന് മരിച്ചിരുന്നു. മൂത്ത കുട്ടി മരിച്ചിരിക്കാമെന്ന വിശ്വാസത്തിലാണ് ശ്രീജയും ഷാജിയും കെട്ടിത്തൂക്കിയത്. ഇതിനുശേഷമാണ് മറ്റു കുട്ടികളെ കെട്ടിത്തൂക്കിയത്. സൂരജിന്റെ ശരീരത്തില്‍ ബലപ്രയോഗത്തിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.

ആന്തരികാവയവങ്ങളുടെ പരിശോധനാഫലം കൂടി ലഭിച്ചശേഷം മാത്രമേ ഏതു ഉറക്ക ഗുളികയാണ് കഴിച്ചത്, ഇതു കൂടാതെ വിഷം കഴിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പരിശോധനാഫലം രണ്ടു ദിവസത്തിനകം ലഭിക്കുമെന്ന് പോലീസ് സൂചിപ്പിച്ചു.

ശ്രീജയും ആദ്യ ഭര്‍ത്താവ് സുനില്‍കുമാറുമായി വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയിരുന്നില്ല. പക്ഷെ രണ്ടാംഭര്‍ത്താവ് ഷാജിക്കൊപ്പമാണ് രണ്ടാഴ്ചയായി ശ്രീജ താമസിച്ചിരുന്നത്. ഇതേച്ചൊല്ലി ശ്രീജയും സുനിലും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

ശ്രീജ താമസിച്ചിരുന്നത് സുനിലിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ്. ഇവിടെ നിന്നും ഇറങ്ങണമെന്ന് സുനില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുനില്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇതില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കായി ശ്രീജയെ പോലീസ് വിളിപ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ ശ്രീജ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കുട്ടികളെ തങ്ങള്‍ കൊലപ്പെടുത്തിയതായി അറിയിച്ചു. പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ശ്രീജയും ഷാജിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: