NEWS

പത്തടി താഴ്ചയിലേക്കു തെന്നിനീങ്ങിയ കെഎസ്ആർടിസി ബസ് നാട്ടുകാര്‍ വടം കെട്ടി സാഹസികമായി റോഡിലെത്തിച്ചു

ആലപ്പുഴ: പത്തടി താഴ്ചയിലേക്കു തെന്നിനീങ്ങിയ കെഎസ്ആർടിസി ബസ് നാട്ടുകാര്‍ വടം കെട്ടി സാഹസികമായി കരയ്ക്കെത്തിച്ചു.തിങ്കളാഴ്ച രാത്രിയിലാണ് സംഭവം.
ശക്തമായ കാറ്റിലും മഴയിലും നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് പത്തടിയോളം താഴ്ചയിലേക്കു തെന്നിനീങ്ങുകയായിരുന്നു.ഹരിപ്പാട്-വീയപുരം-എടത്വ റൂട്ടില്‍ വീയപുരം ഗവ. ഹയര്‍ സെക്കൻഡറി സ്കൂളിനു മുൻ വശത്തെ പാലത്തിന് സമീപമാണ് ബസ് തെന്നിനീങ്ങിയത്. രാത്രി 8.40ന് ആണ് സംഭവം.
ഹരിപ്പാട്ട് നിന്ന് എടത്വയിലേക്കു സര്‍വീസ് നടത്തിയ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് അപകടത്തില്‍ പെട്ടത്.നിയന്ത്രണം തെറ്റി തെന്നിയിറങ്ങിയ ബസിന്റെ മുൻ ചക്രങ്ങള്‍ പാതയിൽ നിന്നും താഴ്ചയിലേക്ക് എത്തിയിരുന്നു.ഡ്രൈവര്‍ ബ്രേക്കു ചവിട്ടി ബസ് മുന്നോട്ടു നീങ്ങാതെ പിടിച്ചു നിര്‍ത്തുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാര്‍ വടം ഉപയോഗിച്ചു സമീപത്തെ മരത്തില്‍ ബസ് പെട്ടെന്ന് ബന്ധിച്ചു നിര്‍ത്തിയതിനാൽ വൻ അപകടമാണ് ഒഴിവായത്.
വിവരം അറിഞ്ഞ് റെസ്ക്യൂ ടീം സ്ഥലത്തെത്തി.പ്രധാന പാതയുടെ താഴെയുള്ള റോഡില്‍ മണ്ണുമാന്തിയന്ത്രം എത്തിച്ചു ബസിന്റെ മുൻഭാഗം ഉയര്‍ത്തിപ്പിടിച്ചശേഷം നാട്ടുകാരുടെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ബസ് വലിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു.ഡ്രൈവര്‍ ബ്രേക്കില്‍ നിന്നു കാല്‍ മാറ്റിയിരുന്നെങ്കിൽ പത്തടി താഴ്ചയിലുള്ള മറ്റൊരു റോഡിലേക്കു ബസിന്റെ മുൻവശം ഇടിച്ചു വീണ് വലിയ അപകടം സംഭവിക്കുമായിരുന്നു.

Back to top button
error: