KeralaNEWS

എസ്.എഫ്.ഐ. നേതാവിന്റെ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവമെന്നു മന്ത്രി; നിയമം കൈയിലെടുക്കലെന്നു ഗവര്‍ണര്‍

തിരുവനന്തപുരം/ന്യൂഡല്‍ഹി: കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ എസ്.എഫ്.ഐ ആള്‍മാറാട്ടം ഒറ്റപ്പെട്ട സംഭവമാണെന്ന് മന്ത്രി ആര്‍ ബിന്ദു. വിഷയത്തെ പൊതുവത്കരിക്കുന്നത് തെറ്റാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് വിദ്യാര്‍ഥി തെരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടക്കുന്നതെന്ന് ആര്‍. ബിന്ദു പറഞ്ഞു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമാണ്. ഇതിന്റെ ഉത്തരവാദിത്വം പ്രിന്‍സിപ്പലിനാണെന്നും മന്ത്രി വ്യക്തമാക്കി. ഇത് കേരളത്തിന്റെ പൊതുപശ്ചാത്തലമാണെന്ന് കരുതരുത്. വിദ്യാര്‍ഥി യൂണിയനുകളെ ഇകഴ്ത്തി കാണിക്കുന്നതിനായുള്ള പ്രചരണങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്ലാ പ്രതികരണങ്ങള്‍ക്കും മറുപടി പറയേണ്ടതില്ല. ഈ വിഷയത്തില്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആള്‍മാറാട്ടത്തില്‍ കടുത്ത വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സംസ്ഥാനത്ത് യൂണിയന്റെ ബലത്തില്‍ നിയമം കൈയ്യിലെടുക്കുന്നുവെന്ന് ഗവര്‍ണര്‍ ആരോപിച്ചു. ഡല്‍ഹിയില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ അവസ്ഥ ഭീകരമാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളം വിദ്യാഭ്യാസ മേഖലയില്‍ മികച്ചതാണ്. എന്നാല്‍, വിദ്യാര്‍ഥികള്‍ പഠിക്കാന്‍ പുറത്ത് പോകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ നടക്കുന്നു എന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യക്തിതാത്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഓര്‍ഡിനന്‍സുകളില്‍ ഒപ്പ് വയ്ക്കില്ല. പൊതു താത്പര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നതും ഡോക്ടര്‍മാരുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതുമായുള്ള ഓര്‍ഡിനന്‍സുകള്‍ക്ക് അംഗീകാരം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: