തിരുവനന്തപുരം: ഇരുചക്രവാഹനത്തില്‍ 12 വയസ്സില്‍ താഴെയുള്ള കുട്ടിയുമായി മാതാപിതാക്കള്‍ സഞ്ചരിച്ചാല്‍ പിഴ ഈടാക്കില്ല. നിയമത്തില്‍ ഇളവ് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തു നല്‍കിയിട്ടുണ്ട്. അതില്‍ തീരുമാനം ലഭിക്കുന്നതു വരെയാണ് താല്‍ക്കാലിക ഇളവ് നല്‍കുന്നതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
പൊതുവികാരം കണക്കിലെടുത്താണ് ഈ തീരുമാനം. ഇതോടെ അച്ഛനും അമ്മയ്ക്കും ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയെ കൊണ്ടുപോകാം. അതല്ലങ്കില്‍ അച്ഛനോ അമ്മയ്ക്കോ ഒപ്പം പന്ത്രണ്ട് വയസില്‍ താഴെയുള്ള ഒരു കുട്ടിയുള്‍പ്പെടെ രണ്ട് കുട്ടികളെ കൊണ്ടുപോകാനാകും.
കേന്ദ്ര തീരുമാനം വന്നതിന് ശേഷം മാത്രമേ 12 വയസില്‍ താഴെയുള്ള കുട്ടിയുമായി ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്താല്‍ പിഴ ഈടാക്കുവെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് എഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ ജൂണ്‍ അഞ്ചാം തീയതി മുതല്‍ പിഴ ഈടാക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ മേയ് 20 മുതല്‍ പിഴ ഈടാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി മേയ് അഞ്ച് മുതലാണ് മോട്ടോര്‍ വാഹന വകുപ്പ് ബോധവത്കരണ നോട്ടീസ് അയച്ച് തുടങ്ങിയത്. ജൂണ്‍ നാലുവരെ മാത്രമേ ഇതുണ്ടാകൂ. ഇതിനുശേഷം പിഴ നോട്ടീസ് അയച്ചു തുടങ്ങും.