Social MediaTRENDING

കുടുമ വച്ച്, കൈയ്യില്‍ ടാറ്റൂ അടിച്ച് വാലിബന്‍; ചുമ്മാ തീതുപ്പി ‘മലൈക്കോട്ടൈ വാലിബ’ന്റെ പുതിയ ലുക്ക്

സിനിമ പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രം ഏറെ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് നല്‍കിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ 63-ാം പിറന്നാള്‍ ദിനത്തില്‍ മലൈക്കോട്ടൈ വാലിബനിലെ അദ്ദേഹത്തിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

കുടുമ കെട്ടി, കൈയ്യില്‍ ടാറ്റൂ അടിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്. മലൈകോട്ടൈ വാലിബന്റെ നിര്‍മാതാവായ ഷിബു ബേബി ജോണ്‍ ആണ് മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ചിത്രം പങ്കുവച്ചിരിക്കുന്നത്. ”തലങ്ങള്‍ മാറിവന്ന ഒരു ആത്മബന്ധം, മോഹന്‍ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തി നില്‍ക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ ലാലു” എന്നാണ് ഷിബു ബേബി ജോണ്‍ കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് മോഹന്‍ലാലിന്റെ ലുക്കിനെ കുറിച്ച് പ്രശംസിക്കുന്നത്. അടുത്തിടെയാണ് വാലിബന്റെ രാജസ്ഥാനിലെ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. 77 ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. ഇപ്പോള്‍ ചെന്നൈയില്‍ ആണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ലിജോ ജോസ് പെല്ലിശേരിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന സിനിമ കൂടിയാണ് വാലിബന്‍. പ്രശാന്ത് പിള്ളയാണ് സംഗീതമൊരുക്കുന്നത്.

അറുപതുകളിലെ ഗുസ്തി ചാമ്പ്യനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. പി.എസ് റഫീഖാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വാലിബനെക്കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. ഗുസ്തി ചാംപന്യായ ദ് ഗ്രേറ്റ് ഗാമയായാണ് മോഹന്‍ലാലെത്തുന്നത് എന്നായിരുന്നു അഭ്യൂഹങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ടത്.

സിനിമയുടെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് തന്നെ ഏറെ പുതുമയേറിയതായിരുന്നു. ‘മലൈക്കോട്ടൈ വാലിബന്’ മുന്‍പ് ‘നന്‍പകല്‍ നേരത്ത് മയക്കം’ എന്ന മമ്മൂട്ടി ചിത്രമായിരുന്നു അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. മികച്ച നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നന്‍പകല്‍ നേരത്ത് മയക്കം നേടിയിരുന്നു. മമ്മൂട്ടിയുടെ ചിത്രത്തിലെ അഭിനയവും ഏറെ പ്രശംസകള്‍ നേടി.

അതേസമയം, രജിനികാന്തിനൊപ്പമുള്ള ജയിലറും മോഹന്‍ലാലിന്റേതായി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. ജയിലറിലെ മോഹന്‍ലാലിന്റെ ലുക്കും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഒരു സുപ്രധാന വേഷത്തിലാണ് മോഹന്‍ലാല്‍ ജയിലറിലെത്തുന്നത്. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റിവിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. എന്തായാലും ചിത്രം റിലീസാകാന്‍ കാത്തിരിക്കുകയാണ് സിനിമ പ്രേക്ഷകര്‍.

Back to top button
error: