തിരുവനന്തപുരം:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് സൂചന.
കേവലം അഭ്യൂഹം എന്നതിന് അപ്പുറം, കേരളത്തിലും തമിഴ്നാട്ടിലും സ്വാധീനം ഉറപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ബി ജെ പി അത്തരമൊരു നീക്കം പരീക്ഷിക്കുന്നതെന്നാണ് വിവരം. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ ഇത് സംബന്ധിച്ച സൂചനയും നല്‍കുന്നുണ്ട്.രാഹുല്‍ ഗാന്ധിക്ക് ഇവിടെ വന്ന് മത്സരിക്കാമെങ്കില്‍ മറ്റാര്‍ക്കും ഇവിടെ വന്ന് മത്സരിക്കാമെന്നാണ് ദി മലബാര്‍ ജേര്‍ണല്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കെ സുരേന്ദ്രന്‍ പറയുന്നത്.
2024 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു സീറ്റിലെങ്കിലും വിജയിക്കാനുള്ള ശ്രമവുമായിട്ടാണ് ബി ജെ പി മുന്നോട്ട് പോവുന്നത്.ഇതിനായി കേന്ദ്ര നേതൃത്വം തന്നെ ഇടപെട്ട് പ്രത്യേക കൂടിയാലോചനകളും ചര്‍ച്ചകളും നടത്തിവരുന്നു. സ്വാഭാവികമായും കഴിഞ്ഞ തവണ പാര്‍ട്ടി രണ്ടാമത് എത്തിയ തിരുവനന്തപുരം മണ്ഡലത്തിലാണ് ഇത്തവണയും പാര്‍ട്ടിയുടെ പ്രതീക്ഷ. അതോടൊപ്പം തന്നെ തൃശൂരും സാധ്യതാ പട്ടികയില്‍ മുന്‍ നിരയില്‍ തന്നെയുണ്ട്.
തൃശൂരില്‍ സുരേഷ് ഗോപി മത്സരിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെങ്കിലും ഏറെ വിജയ സാധ്യതയുള്ള തിരുവനന്തപുരത്ത് ആര് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. കുമ്മനം രാജശേഖരന്‍ ഒരിക്കല്‍ കൂടി വന്നാലും ശശി തരൂരിനെ മറികടക്കാന്‍ സാധിക്കുമോയെന്നതില്‍ പാര്‍ട്ടി നേതൃത്വത്തില്‍ തന്നെ പലര്‍ക്കും ഉറപ്പില്ല. ഈ സാഹചര്യത്തിലാണ് സാക്ഷാല്‍ നരേന്ദ്ര മോദി തന്നെ തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന സൂചനകളും പുറത്ത് വരുന്നത്.