ഭോപ്പാല്‍: വിവാഹച്ചടങ്ങിനിടെ പരസ്പരം വഴക്കിട്ട് വധൂവരന്‍മാര്‍; പിന്നാലെ വിഷം കഴിച്ച് വരന്‍ മരിച്ചു. ഇതറിഞ്ഞ് വിഷം കഴിച്ച വധു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്.
മധ്യപ്രദേിലെ ഇന്‍ഡോറില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം. ക്ഷേത്രത്തില്‍ വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിന് ഇടയിലാണ് വരനും വധുവും തമ്മില്‍ വഴക്കുണ്ടായതും വരന്‍ വിഷം കഴിച്ചതും. താന്‍ വിഷം കഴിച്ച വിവരം വരന്‍ തന്നെയാണ് വധുവിനോടു പറഞ്ഞത്. ഇതറിഞ്ഞയുടനെ വധുവും വിഷം കഴിക്കുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വധുവിന്റെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത്.
20 വയസുകാരിയായ പെണ്‍കുട്ടി വിവാഹത്തിനായി 21 വയസുകാരനായ യുവാവിനെ നിരന്തരം നിര്‍ബന്ധിച്ചിരുന്നുവെന്നും ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും വരന്റെ ബന്ധുക്കള്‍ ആരോപിച്ചു. തനിക്ക് രണ്ടു വര്‍ഷം കൂടി സമയം വേണമെന്ന് യുവാവ് പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഇത് അംഗീകരിച്ചില്ല. പെട്ടെന്നു തന്നെ വിവാഹം വേണമെന്ന് നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു എന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.