Breaking NewsKeralaLead NewsNEWS

‘ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിക്കുകയാണ്; അത്യാവശ്യ കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കുന്ന പൊലീസ് മേധാവികൾ ഇല്ല‘: വിമർശനമുയർത്തി ആർ ശ്രീലേഖ; ‘ക്ഷേത്രങ്ങൾക്ക് പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? വെടിക്കെട്ടും മറ്റും വേണ്ടെന്ന് വെച്ചൂടെ?‘

തിരുവനന്തപുരം: മുണ്ടത്തിക്കോട്ടെ പടക്കനിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ പൊലീസിനും ഫയർ & റെസ്ക്യൂ വകുപ്പിനുമെതിരെ മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖ. ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്നത് പൊലീസ് അറിഞ്ഞിരുന്നോയെന്നും വേണ്ട സുരക്ഷാ നടപടികൾ സ്വീകരിച്ചിരുന്നോ എന്നും ശ്രീലേഖ. മനുഷ്യജീവനുകൾ പണയം വെക്കുന്ന പൂരങ്ങൾ എന്തിനാണ്, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തണമെന്ന് ആർ ശ്രീലേഖ പറയുന്നു.

ഉദ്യോഗസ്ഥർ രാഷ്ട്രീയം കളിച്ച് നടക്കുകയാണെന്നും അത്യാവശ്യ കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കുന്ന ജില്ലാ പൊലീസ് മേധാവികൾ ഇല്ലെന്നും ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചു. നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ, ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തണമെന്ന് ആർ ശ്രീലേഖ അഭിപ്രായപ്പെടുന്നു.

Signature-ad

ആർ ശ്രീലേഖയുടെ ഫെസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

തൃശൂർ ഒരു വെടിപ്പുരക്ക് തീ പിടിച്ച് 15 പേർ മരിച്ചു! ഹാ കഷ്ടം! വെറുതെ പൊലിഞ്ഞ കുറെ ജീവനുകൾ!
പൂരം വെടിക്കെട്ടിനായി പടക്കം ഉണ്ടാക്കുകയായിരുന്നു ഇവിടെ.
പോലീസും ഫയർ & റെസ്ക്യൂ വകുപ്പും അറിഞ്ഞിരുന്നോ അവിടെ ഇങ്ങനെയൊരു പടക്ക നിർമ്മാണശാല പ്രവർത്തിച്ചിരുന്നു എന്ന്? വേണ്ട സുരക്ഷാ നടപടികൾ ചെയ്തിരുന്നോ?
ഇനിയും ഇതുപോലെ എത്ര പടക്ക നിർമ്മാണ ശാലകൾ തൃശ്ശൂരിൽ ഉണ്ട്‌ എന്നറിയാമോ? അവയിൽ എത്രയെണ്ണം വേണ്ട സുരക്ഷിതത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് അറിയാമോ?
ഇതൊക്കെ നോക്കാൻ ആർക്കാണ് സമയം? എല്ലാ ഉദ്യോഗസ്ഥരും ഇപ്പോൾ രാഷ്ട്രീയം കളിച്ച് നടക്കുകയല്ലേ?? ഏതെങ്കിലും അത്യാവശ്യ കാര്യത്തിന് ആരെങ്കിലും ഒന്ന് ഫോൺ ചെയ്താൽ അതെടുക്കുന്ന ഏതെങ്കിലും ജില്ലാ പോലീസ് മേധാവികൾ ഉണ്ടോ?
എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവനുകൾ പണയം വെക്കുന്ന ഉത്സവങ്ങൾ? കാടുകളിൽ ജീവിക്കേണ്ട ആനയെ നിരത്തി നിർത്തി പീഡിപ്പിക്കുന്ന കെട്ടുകാഴ്ചകൾ?
ഇനിയെങ്കിലും, ഈ ഡിജിറ്റൽ യുഗത്തിലെങ്കിലും ഒരു പുനർചിന്തനം നടത്തിക്കൂടെ?
നമ്മുടെ ക്ഷേത്രങ്ങൾക്ക് ആചാരപ്രകാരമുള്ള പൂജയും ഭക്തദർശനവും കാഴ്ച്ചയും ഒക്കെയല്ലേ പ്രധാനം? ഉത്സവ സമയം മനുഷ്യനും മൃഗത്തിനും ഭൂപ്രകൃതിക്കും ദോഷം വരുത്തുന്ന വെടിക്കെട്ടും മറ്റും വേണ്ട എന്ന് വെച്ചൂടെ? ശ്രീലേഖ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: