Breaking NewsKeralaLead NewsNEWS

മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്താൻ മുണ്ടക്കൈ ദുരന്തത്തിൽ സ്വീകരിച്ചതുപോലെ കെഡാവർ നായകൾ!! തെരച്ചിലിനിടെ പാടത്ത് നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, DNA സംഘം തൃശൂരിൽ

തൃശ്ശൂർ: മുണ്ടത്തിക്കോട് സ്ഫോടനത്തിൽ ഇതുവരെ 13 മരണങ്ങൾ സ്ഥിരീകരിച്ചു. പരുക്കേറ്റ അഞ്ചുപേരുടെ നില അതീവഗുരുതരമായി തുടരുന്നു. ഇതിൽ രണ്ടുപേർ വെന്റിലേറ്ററിലാണ്. കൂടാതെ പത്തുപേർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ലഭിച്ച മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ട നടപടികൾ തുടരുന്നുണ്ട്. തിരിച്ചറിയാൻ പറ്റാത്ത മൃതദേഹങ്ങളിൽ ഡിഎൻഎ പരിശോധന നടത്തും.

അതുപോലെ മൃതദേഹങ്ങൾ തിരിച്ചറിയാനായി മുൻപ് മുണ്ടക്കൈ ദുരന്തത്തിൽ സ്വീകരിച്ചതുപോലെ സ്ഥലത്ത് കെഡാവർ നായകളെ എത്തിച്ച് പരിശോധന നടത്തുന്നുണ്ട്. 30-40 ഓളം ആളുകൾ ദുരന്തത്തിൽ പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്ന് റവന്യൂമന്ത്രി കെ. രാജൻ പറഞ്ഞു. സ്ഫോടനം നടന്നിടത്ത് ജോലി ചെയ്തിരുന്നവർക്കായി 40 ഊണുകളായിരുന്നു പറഞ്ഞിരുന്നത്. അതിനാൽ അത്രയും തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. അതനുസരിച്ചും അന്വേഷിച്ചെത്തുന്നവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചും പരിശോധന തുടരുകയാണെന്നും മന്ത്രി പറഞ്ഞു.

Signature-ad

ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന മുഴുവൻ സംഘത്തെയും എത്തിച്ചിട്ടുണ്ടെന്നും പരിശോധനയും അന്വേഷണവും നല്ല രീതിയിൽ തന്നെ തുടരുമെന്നും കെ. രാജൻ പറഞ്ഞു. കെഡാവർ നായകളുടെ പരിശോധനയിൽ പൊട്ടാതെ കിടക്കുന്ന വെടിക്കോപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവ കണ്ടെത്തി ഫയർഫോഴ്സ് നിർവീര്യമാക്കുന്ന നടപടികളിലേക്ക് കടന്നിട്ടുണ്ട്. സമീപത്തെ പാടത്തുനിന്ന് രണ്ട് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.

നിലവിൽ അഞ്ച് മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായെന്ന് മന്ത്രി രാജൻ പറഞ്ഞു. ‘മൂന്ന് മൃതദേഹങ്ങൾ വിട്ടുനൽകി. 11 ശരീര ഭാഗങ്ങൾ പോസ്റ്റ്മോർട്ടം ചെയ്തു. ഇനി 15 ശരീര ഭാഗങ്ങൾ കൂടി പോസ്റ്റ്മോർട്ടം ചെയ്യാനുണ്ട്. ഏറ്റവും വേഗത്തിൽ തന്നെ പൂർത്തീകരിക്കാൻ ഡിഎൻഎ ടെസ്റ്റിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന് ഉന്നതതല സംഘവും സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് നടപടിക്രമങ്ങളിലേക്ക് നടക്കും. മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് പുറമെ കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘം തൃശ്ശൂരിൽ എത്തിയിട്ടുണ്ട്. തുടർ ചികിത്സയ്ക്ക് ഒരു പ്രയാസവുമുണ്ടാകില്ല.

ഐസിയുവിൽ പത്തുപേരാണ് ഉള്ളത്. അതേസമയം മന്ത്രിസഭായോഗം ഓൺലൈനായി പത്തുമണിക്ക് ചേർന്നിട്ടുണ്ട്. വേണ്ട തീരുമാനം കൈക്കൊള്ളും. സംഭവം നടന്ന ഉടനെ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥന്മാരും ഡോക്ടർമാരും നല്ല ഏകോപനം നടത്തി. അപൂർവമായ ഘട്ടത്തിലാണ് കെഡാവർ ഡോഗിനെ ഉപയോഗിക്കുക. ഈ സാഹചര്യത്തിൽ കെഡാവർ ഡോഗിനെ എത്തിച്ച് തിരച്ചിൽ നടത്തുന്നുണ്ട്. ലഭ്യമായ കണക്കനുസരിച്ച് 30-40നും ഇടയിലുള്ള ആളുകൾ ഇതിൽ പെട്ടിട്ടുണ്ടാകും. അതനുസരിച്ചാണ് തിരച്ചിലുകളാണ് നടക്കുന്നത്- കെ. രാജൻ പറഞ്ഞു.

അതേസമയം പൊട്ടിത്തെറിയിൽ സമീപത്തെ നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. അട്ടിമറി ഇല്ലെന്ന് തിരുവമ്പാടി ദേവസ്വം പറഞ്ഞു. . ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ചടങ്ങ് മാത്രമായി നടത്താനുള്ള ആലോചന നടക്കുന്നുണ്ട്. എന്നാൽ ജനവികാരം മാനിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിച്ചിരുന്ന മുണ്ടത്തിക്കോട്ടെ പടക്കനിർമാണ ശാലയിലാണ് ഇന്നലെ വൻ സ്ഫോടനം ഉണ്ടായത്. ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാരംഭിച്ച സ്ഫോടനപരമ്പര രണ്ടുമണിക്കൂറോളം തുടർന്നു. അഗ്നിരക്ഷാസേനയടക്കമുള്ളവർക്ക് പ്രദേശത്തേക്ക്‌ ഏറെനേരം അടുക്കാനായില്ല. വെടിക്കെട്ടുശാല പ്രവർത്തിച്ചതിന് സമീപത്തെ പാടശേഖരത്തിൽ ശരീരഭാഗങ്ങൾ ചിതറിത്തെറിച്ച നിലയിലായിരുന്നു. 500 മീറ്റർ അകലെവരെ ശരീരഭാഗങ്ങൾ തെറിച്ചുവീണു. ഇവ കണ്ടെത്താനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: