IndiaNEWS

സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച; ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: അനുനയ ചര്‍ച്ചകള്‍ക്കൊടുവില്‍ കര്‍ണാടക സര്‍ക്കാര്‍ രൂപവത്കരണത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ സമവായം. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി.കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്യും. മേയ് 20-ന് ബംഗളൂരുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ വ്യാഴാഴ്ച പുലര്‍ച്ചെ 2.40-ഓടെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് ബെംഗളൂരുവില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗം സിദ്ധരാമയ്യയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. മന്ത്രിസഭയിലെ പ്രാതിനിധ്യവും വകുപ്പ് വിഭജവും സംബന്ധിച്ച് ഇരുപക്ഷവും തമ്മിലുള്ള ചര്‍ച്ചകളിലൂടെ തീരുമാനമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യാഴാഴ്ച രാവിലെ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

ആദ്യ ടേമില്‍ സിദ്ധരാമയ്യയ്ക്കും രണ്ടാം ടേമില്‍ ഡി.കെ ശിവകുമാറിനും മുഖ്യമന്ത്രിപദം നല്‍കാനാണ് ഇപ്പോഴത്തെ തീരുമാനം എന്നാണ് അറിയുന്നത്. ശിവകുമാറിന് ആഭ്യന്തരവും ധനകാര്യവും ഉള്‍പ്പെടെയുള്ള സുപ്രധാന വകുപ്പുകള്‍ നല്‍കിയേക്കും. കര്‍ണാടക പിസിസി അധ്യക്ഷ പദവിയും അദ്ദേഹം വഹിക്കും. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചര്‍ച്ചകളില്‍ ഇരു നേതാക്കളും മുഖ്യമന്ത്രി പദത്തിനായുള്ള ആവശ്യത്തില്‍ ഉറച്ചുനിന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. തുടര്‍ന്ന്, മുഖ്യമന്ത്രി പദം രണ്ടു ടേമുകളിലായി പങ്കിടുക എന്ന ഫോര്‍മുലയായിരുന്നു ഖാര്‍ഗെ മുന്നോട്ടുവെച്ചത്. എന്നാല്‍, ഇതില്‍ സമവായം ഉണ്ടാക്കാനായില്ല.

സോണിയ ഗാന്ധി നേരിട്ട് ഇടപെട്ടതോടെയാണ് ഡി.കെ.ശിവകുമാര്‍ അനുനയപ്പെട്ടത്. സിദ്ധരാമയ്യയ്ക്കു കീഴില്‍ ഏക ഉപമുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനം ആദ്യം നിരസിച്ച ശിവകുമാര്‍ പിന്നീട് വഴങ്ങുകയായിരുന്നു. ആഭ്യന്തരം ഉള്‍പ്പെടെ പ്രധാനപ്പെട്ട വകുപ്പുകള്‍ ശിവകുമാറിനു നല്‍കാമെന്നും ഹൈക്കമാന്‍ഡ് ഉറപ്പുനല്‍കുകയും ചെയ്തു. രാജസ്ഥാനില്‍ ഉണ്ടായ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു ഹൈക്കമാന്‍ഡ് നീക്കം. എന്നും സോണിയ ഗാന്ധിയുടെ വാക്കുകള്‍ അനുസരിച്ചിട്ടുള്ള ഡി.കെ.ശിവകുമാര്‍, അങ്ങനെ പാര്‍ട്ടിക്കു വേണ്ടി രണ്ടാം സ്ഥാനത്തേയ്ക്കു മാറിക്കൊടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: