CrimeNEWS

പര്‍ദയണിഞ്ഞും കൂലിപ്പണിക്കാരായും പോലീസിന്റെ ‘ഫാന്‍സിഡ്രസ്’; കസ്റ്റഡിയില്‍നിന്ന് വിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍

എറണാകുളം: പോലീസ് കസ്റ്റഡിയില്‍നിന്നു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ‘വേഷം മാറി’ പോലീസ് സംഘം പിടികൂടി. പിറവം പാഴൂര്‍ ചെറുവേലിക്കുടിയില്‍ ജിതീഷി (ജിത്തു-20) നെയാണ് ഹില്‍പാലസ് പോലീസ് അറസ്റ്റുചെയ്തത്. പര്‍ദയണിഞ്ഞ് സ്ത്രീകളായും കൂലിപ്പണിക്കാരായുമൊക്കെ വേഷം മാറിയാണ് ഇയാളെ പോലീസ് കുടുക്കിയത്. സെക്യൂരിറ്റി ജീവനക്കാരനെ ഹോളോ ബ്രിക്കുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പിറവം പോലീസ് സ്റ്റേഷനില്‍ ജിതീഷിന്റെ പേരില്‍ കേസുണ്ട്. എറണാകുളം, കോട്ടയം, തൃശ്ശൂര്‍ ജില്ലകളിലായി ഒട്ടേറെ വാഹന മോഷണ കേസുകളിലും പ്രതിയാണ്.

ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബൈക്ക് മോഷണക്കേസില്‍ ജിതീഷിനെ കോട്ടയം കോതനല്ലൂര്‍ ഭാഗത്തുനിന്ന് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിനായി വെമ്പിള്ളിയില്‍ എത്തിച്ചപ്പോള്‍ കസ്റ്റഡിയില്‍നിന്നു വിലങ്ങോടെ ഇയാള്‍ ഓടി രക്ഷപ്പെട്ടു. കൈവിലങ്ങ് മുറിച്ച ശേഷം രാത്രി 10 മണിയോടെ ഉഴവൂരിലുള്ള കാമുകിയെയും കൂട്ടി സ്ഥലം വിട്ടു. പോലീസ് നിരീക്ഷണത്തിലാണെന്നു മനസ്സിലാക്കിയ ഇയാള്‍ കാമുകിയെ പിന്നീട് മടക്കി അയച്ചു. തിരച്ചില്‍ ഊര്‍ജിതമാക്കിയെങ്കിലും പല തവണ ഇയാള്‍ പോലീസിനെ വെട്ടിച്ച് കടന്നു.

Signature-ad

ഒരു വഴിയാത്രക്കാരന്റെ ഫോണില്‍ ഇയാള്‍ കാമുകിയെ വിളിച്ച് തിങ്കളാഴ്ച വൈകിട്ടോടെ കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഇതറിഞ്ഞതോടെയാണ് പോലീസ് സംഘം വേഷം മാറി ചെല്ലാന്‍ തീരുമാനിച്ചത്. ഇന്‍സ്‌പെക്ടര്‍ ഗോപകുമാറും സിവില്‍ പോലീസ് ഓഫീസര്‍ ബിബിനും പര്‍ദ ധരിച്ച് സ്ത്രീകളെന്ന മട്ടില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു. സബ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് എം. ഭരതന്‍ കൂലിപ്പണിക്കാരനായും കെ.എന്‍. രാജീവ്‌നാഥ് സമീപത്തെ ഹോട്ടലില്‍ പാചകക്കാരനായും എ.എസ്.ഐ: എം.ജി. സന്തോഷ് പുറത്ത് ഓട്ടോ ഡ്രൈവറായും കാത്തുനിന്നു. പ്ലാറ്റ്‌ഫോമിനടുത്തായി ജിതീഷിന്റെ കാമുകിയെയും ഇരുത്തി.

എതിര്‍ദിശയിലുള്ള പ്ലാറ്റ്‌ഫോമിലൂടെ നടന്നുവന്ന് കാമുകിയുടെ കൂടെ ജിതീഷ് ബെഞ്ചിലിരുന്നപ്പോള്‍ പോലീസുകര്‍ വട്ടംപിടിക്കുകയായിരുന്നു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്യാം ആര്‍. മേനോന്‍, എം. അരുണ്‍കുമാര്‍, ബിബിന്‍, എന്‍.കെ. റജിമോള്‍, ഷാന്റി എന്നിവരും പ്രതിയെ പിടിച്ച സംഘത്തിലുണ്ടായി.

Back to top button
error: