KeralaNEWS

സിനിമയിലെ കള്ളപ്പണ ഇടപാട്; നടന്‍ കൂടിയായ നിര്‍മാതാവ് 25 കോടി രൂപ പിഴയടച്ചു തടിതപ്പി

കൊച്ചി: മലയാള സിനിമാ മേഖലയില്‍ വിദേശത്തു നിന്നു വന്‍തോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായുള്ള ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നു ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) നടപടികള്‍ ശക്തമാക്കി. മലയാള സിനിമയിലെ 5 നിര്‍മാതാക്കള്‍ കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഒരാള്‍ 25 കോടി രൂപ പിഴയടച്ചു. ബാക്കി 4 പേരെ ഇഡി ചോദ്യംചെയ്യും.

മലയാളത്തിലെ നടന്‍ കൂടിയായ നിര്‍മാതാവ് വിദേശത്തു വന്‍തുക കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്പനി പിഴയടച്ചത്. ദേശസുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാന്‍ഡ’ സിനിമകളുടെ നിര്‍മാണത്തിനു വേണ്ടിയാണോ വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളില്‍ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്. വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിര്‍മാണ വേളയിലാണ് ഏറ്റവും അധികം ലഹരിമരുന്ന് ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട്.

Signature-ad

സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മാതാവിനെ ആദായനികുതി വകുപ്പു രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ നിര്‍മാതാവിനെ ബെനാമിയാക്കി മലയാള സിനിമയില്‍ കള്ളപ്പണം നിക്ഷേപിക്കുന്നതായുള്ള ആരോപണം പരിശോധിക്കാനാണിത്. മലയാളത്തിലെ പുതിയ സിനിമകളുടെ ഇതിവൃത്തം സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന 3 നിര്‍മാതാക്കള്‍ക്കും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കി. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരുടെ മൊഴിയും രേഖപ്പെടുത്തും.

 

Back to top button
error: