IndiaNEWS

കര്‍ണാടക കോണ്‍ഗ്രസിന്റെ കൈപിടിക്കും; ഗ്യാലറി ബിജെപിക്കെതിരെന്ന് എക്‌സിറ്റ് പോളുകള്‍

ബംഗളുരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റമെന്ന് എക്‌സിറ്റ് പോള്‍ ഫലം. അഞ്ച് സര്‍വേകളാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നത്. ബിജെപിക്ക് അധികാരം ലഭിക്കുമെന്ന് രണ്ടെണ്ണം മാത്രമാണ് പറയുന്നത്.

ടൈംസ് നൗ, സീ ന്യൂസ്, ഇന്ത്യ ടിവി, ഇന്ത്യ ടുഡെ, ന്യൂസ് 24 എന്നീ സര്‍വേകളാണ് ജനവിധി കോണ്‍ഗ്രസിന് അനുകൂലമാണെന്ന് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 113 സീറ്റുകള്‍ മുതല്‍ 140 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് പ്രവചനം. 224 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 സീറ്റാണ് വേണ്ടത്. ന്യൂസ് നേഷനും സുവര്‍ണ ന്യൂസും 114 മുതല്‍ 117 സീറ്റുകള്‍ വരെ ബിജെപിക്ക് കിട്ടുമെന്ന് പ്രവചിക്കുന്നു.

Signature-ad

എബിപി ന്യൂസ്, റിപ്പബ്ലിക്ക് ടിവി, ടിവി 9 എന്നിവ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു. ജെഡിഎസിന് 12 മുതല്‍ 33 സീറ്റുകള്‍ വരെ കിട്ടുമെന്നാണ് മിക്ക സര്‍വേകളുടെയും പ്രവചനം. കോണ്‍ഗ്രസിന് നേരിയ മുന്‍തൂക്കം പ്രവചിക്കുന്നതിനാല്‍ ജെഡിഎസിന്റെ നിലപാട് നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി 104 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയായിരുന്നു. കോണ്‍ഗ്രസിന് 80 സീറ്റുകളും ജെഡിഎസിന് 37 സീറ്റുകളുമാണ് ലഭിച്ചത്.

ബിജെപിക്ക് നിര്‍ണായകമായ പല മേഖലകളിളും സീറ്റുകള്‍ നഷ്ടമാകുമെന്നാണ് പ്രവചനം. ആകെയുള്ള 224 സീറ്റുകളിലും ബിജെപി മത്സരിക്കുന്നുണ്ട്. 223 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഒരു സീറ്റ് സര്‍വോദയ കര്‍ണാടക പാര്‍ട്ടിക്കു നല്‍കി. ജനതാദള്‍ (എസ്) 209 സീറ്റിലാണ് മത്സരിക്കുന്നത്. 2615 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 13 നാണ് വോട്ടെണ്ണല്‍. ഇക്കുറി 72.68 ശതമാനമാണ് പോളിങ്. 2018 ല്‍ ഇത് 72.5 ശതമാനമായിരുന്നു. ജെഡിഎസ് കോട്ടയായ പഴയ മൈസൂരു മേഖലയില്‍ കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബംഗളുരുവില്‍ 55 ശതമാനം വരെയാണ് പോളിങ്.

2018 ലെ തെരഞ്ഞെടുപ്പില്‍ 24 മണ്ഡലങ്ങളിലെ ഭൂരിപക്ഷം അയ്യായിരത്തില്‍ താഴെയാണ്. ഇതില്‍ നാലിടത്ത് കോണ്‍ഗ്രസ് ജയിച്ചത് 1000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. 74 സ്ഥാനാര്‍ത്ഥികള്‍ ജയിച്ചത് 10,000ല്‍ താഴെ ഭൂരിപക്ഷം നേടിയാണ്. സ്വതന്ത്രര്‍, അപരന്മാര്‍, പ്രാദേശിക പാര്‍ട്ടികള്‍ തുടങ്ങിയവ വെല്ലുവിളിയായി. ഭരണ വിരുദ്ധ വികാരം ഉണ്ടെങ്കിലും വോട്ടുകള്‍ ഭിന്നിച്ചുപോകുമോയെന്ന ഭയം കോണ്‍ഗ്രസിനുണ്ട്.

സംസ്ഥാനത്തെ അഴിമതിയാരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍, അവസാനഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിന് നേരിട്ടെത്തിയത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Back to top button
error: