ന്യൂഡല്‍ഹി: ‘ദി കേരള സ്റ്റോറി’ യുടെ കഥാസംഗ്രഹത്തില്‍ 32,000 പെണ്‍കുട്ടികളെ മതംമാറ്റി ഐഎസില്‍ ചേര്‍ത്തു എന്നതിന് പകരം മൂന്ന് പെണ്‍കുട്ടികള്‍ എന്നാക്കി മാറ്റി.ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐ.എസില്‍ എത്തിച്ചെന്ന് ആരോപിച്ചുകൊണ്ടാണ് ‘കേരളാ സ്റ്റോറി’യുടെ ടീസര്‍ വീഡിയോ പുറത്തിറങ്ങിയത്.
ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ വാസ്തവ വിരുദ്ധവും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായി ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.ഇതോടെയാണ് ചിത്രത്തിൽ മാറ്റം വരുത്തിയത്.
നേരത്തെ ചിത്രത്തിൽ 10 മാറ്റങ്ങള്‍ വരുത്തണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ നിര്‍ദേശിച്ചിരുന്നു. സിനിമയിലെ ചില സംഭാഷണങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു എക്‌സാമിനിങ് കമ്മിറ്റിയുടെ നിര്‍ദേശം.കേരള മുന്‍ മുഖ്യമന്ത്രിയുടെ അഭിമുഖ ഭാഗം ഒഴിവാക്കാനും നിര്‍ദേശമുണ്ടായി.
‘ഏറ്റവും വലിയ കാപട്യക്കാരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍’ എന്ന സംഭാഷണത്തില്‍ നിന്നും ‘ഇന്ത്യന്‍’ എന്ന വാക്ക് നീക്കണം. ഹിന്ദു ദൈവങ്ങളെ മോശക്കാരാക്കി ഉപയോഗിക്കുന്ന സംഭാഷണങ്ങള്‍ സഭ്യമായ രീതിയില്‍ പുനക്രമീകരിക്കാനും സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു.