IndiaNEWS

ഗുസ്തി താരങ്ങളുടെ തള്ളിപ്പറഞ്ഞ് ഉഷ വിവാദക്കുരുക്കില്‍; രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ ഗുസ്തി താരങ്ങള്‍ നടത്തുന്ന പ്രതിഷേധ രീതിയെ വിമര്‍ശിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷ പി.ടി.ഉഷ വിവാദക്കുരുക്കില്‍. തെരുവിലെ സമരം കായിക മേഖലയ്ക്കും രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കും ദോഷമാണെന്ന പി.ടി.ഉഷയുടെ പരാമര്‍ശമാണ് വിവാദമായത്. താരങ്ങള്‍ തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുന്നതിനു പകരം ഒളിംപിക് അസോസിയേഷന്റെ അത്‌ലറ്റിസ് കമ്മിഷനു മുന്‍പാകെ ഹാജരാകുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ഉഷ ചൂണ്ടിക്കാട്ടിയിരുന്നു.

ഗുസ്തി താരങ്ങള്‍ക്കെതിരായ പരാമര്‍ശം ഉഷ പിന്‍വലിക്കണമെന്ന് സിപിഎം നേതാവ് പി.കെ.ശ്രീമതി ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടു. നീതിക്കുവേണ്ടി ശബ്ദിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുകയാണ് പി.ടി.ഉഷ ചെയ്യേണ്ടതെന്ന് ശ്രീമതി ചൂണ്ടിക്കാട്ടി. ചെറുപ്പത്തില്‍ ഹീറോയോയി ആരാധിച്ചിരുന്ന ഉഷയോടുള്ള ബഹുമാനം നഷ്ടപ്പെട്ടതായി ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പ്രതികരിച്ചു. ഈ ഘട്ടത്തില്‍ പിന്തുണയ്ക്കുമെന്ന് ഉറച്ചു വിശ്വസിച്ച ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷയില്‍ നിന്നും ഇത്തരമൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്ന് സമരരംഗത്തുള്ള ഗുസ്തി താരങ്ങളും വ്യക്തമാക്കി.

Signature-ad

”ഞങ്ങളൊക്കെ മാതൃകയായി കണ്ട വ്യക്തിയാണ് പി.ടി.ഉഷ. അവരുടെ വാക്കുകള്‍ ഞങ്ങളെ വല്ലാതെ മുറിപ്പെടുത്തി. അവരോട് ഒന്നു ചോദിക്കട്ടെ. മുന്‍പ് ഉഷയുടെ അക്കാദമി ആരോ തകര്‍ത്തെന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചപ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു മങ്ങലേറ്റിരുന്നില്ലേ?’ ഗുസ്തി താരം ബജ്‌റങ് പൂനിയ ചോദിച്ചു.

”തുടര്‍ച്ചയായ ലൈംഗിക പീഡനങ്ങളുടെ പശ്ചാത്തലത്തില്‍ താങ്കളുടെ സഹതാരങ്ങള്‍ നടത്തുന്ന നീതിപൂര്‍വകമായ പ്രതിഷേധത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ശരിയായില്ല. സ്വന്തം അവകാശങ്ങള്‍ക്കായി അവര്‍ നടത്തുന്ന പോരാട്ടം ഈ രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമാക്കുന്നില്ല. അവരെ കേട്ട്, അവരുടെ പരാതി പരിശോധിച്ച് യുക്തമായ നടപടി കൈക്കൊള്ളുന്നതിനു പകരം അവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെ അവഗണിക്കുന്നതാണ് രാജ്യത്തിന്റെ പ്രതിച്ഛായയെ മോശമാക്കുന്നത്”-കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

Back to top button
error: