ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ വില്ലേജ് ഓഫീസറെ ഓഫീസിൽ കയറി വെട്ടിക്കൊന്നു. മണൽ മാഫിയസംഘത്തിന്റെ കുടിപ്പകയാണ് കൊലപാതകത്തിലേക്കെത്തിത്. പ്രത്യേക അന്വേഷണ സഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ച പൊലീസ് പ്രതികളിലൊരാളെ പിടികൂടി. തൂത്തുക്കുടി ജില്ലയിലെ മുരപ്പനാട് ഗ്രാമത്തിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു കൊലപാതകം നടന്നത്. വില്ലേജ് അഡ്മിനിസ്ട്രേറ്റർ ഓഫീസർ ലൂർദ് ഫ്രാൻസിസാണ് മരിച്ചത്. 56 വയസായിരുന്നു.
വില്ലേജ് ഓഫീസിൽ എത്തിയ രണ്ടംഗ കൊലയാളി സംഘമാണ് കൊല നടത്തിയത്. അക്രമികൾ മടങ്ങിയശേഷം മറ്റു ഉദ്യോഗസ്ഥർ ലൂർദ്ഫ്രാൻസിസിനെ തൂത്തുക്കുടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് എസ് പി ബാലാജി സരവണൻ അന്വേഷണത്തിന് ഉടനടി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. വൈകിട്ടോടെ കൊല നടത്തിയ രാമസുബ്രഹ്മണ്യൻ എന്നയാളെ പൊലീസ് പിടികൂടി. കൂട്ടുപ്രതിയായ മാരി മുത്തുവിനായിതെരച്ചിൽ പുരോഗമിക്കുകയാണ്. അനധികൃത മണൽ കടത്തിനെതിരെ ലൂർദ് ഫ്രാൻസിസ് കർശന നടപടിയെടുത്തിരുന്നു.
പ്രതികൾക്ക് ഇതിലുള്ള പകയാണ് കൊലപാതക കാരണം. മുമ്പ് അടിച്ചനെല്ലൂരിൽ വില്ലേജ് ഓഫീസറായിരായിരുന്ന ലൂർദ് ഫ്രാൻസിസിനെ നേരെ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിന് കൊലപാതക ശ്രമംഉണ്ടായിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് ഉദ്യോഗസ്ഥൻ മുരപ്പനാട് ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം കിട്ടിവന്നത്. കഴിഞ്ഞ 13 ആം തീയതി സുരക്ഷ ആവശ്യപ്പെട്ട് ഫ്രാൻസിസ് പൊലീസിൽ പരാതി നൽകിയിരുന്നു. ലൂർദ്ഫ്രാൻസിന്റെ കുടുംബത്തിന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.