Movie

ശങ്കർ, ഗണേഷ്- ബിച്ചു തിരുമല ടീമിന്റെ മനോഹര ഗാനങ്ങൾ കൊണ്ട് മലയാളി എന്നും ഓർമിക്കുന്ന ‘കാലം’ സിനിമയ്ക് ഇന്ന് 41 വയസ്സ്

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

  അമ്മയായി കെ ആർ വിജയയും മകനായി രവീന്ദ്രനും അഭിനയിച്ച ‘കാലം’ വെള്ളിത്തിരയിൽ എത്തിയിട്ട് 41 വർഷം. 1982 ഏപ്രിൽ 23 നാണ് റിലീസ്. ചിത്രത്തിന്റെ  കഥയും, ഛായാഗ്രഹണവും, സംവിധാനവും ഹേമചന്ദ്രൻ. ശ്രീകവിയാണ് തിരക്കഥ. ശങ്കർ-ഗണേഷുമാരുടെ പാട്ടുകൾ കൊണ്ട് സമ്പന്നമായിരുന്നു ഈ ചിത്രം. ബിച്ചു തിരുമലയാണ് ഗാനങ്ങൾ എഴുതിയത്. ‘കാലം കൈവിരലാൽ’ എന്ന മാസ്മരിക ഗാനത്താലും (യേശുദാസ്), ‘പുഴയോരം കുയിൽ പാടും’ എന്ന യുഗ്മഗാനം കൊണ്ടും (ജയചന്ദ്രൻ- വാണിജയറാം) ‘കാലം’ ഇന്നും മലയാളികൾ ഓർക്കുന്നു.

Signature-ad

സ്വർണ്ണക്കച്ചവടത്തിൽ ജീവിതത്തിന്റെ കണക്കുകൂട്ടലുകൾ പിഴച്ച് പോയ യുവത്വത്തെ പ്രതിനിധീകരിച്ചു രവീന്ദ്രൻ. മകനോട് ക്രൂരത കാട്ടിയ ബിസിനസ് രംഗത്തെ ശത്രുവിനോട് കണക്ക് ചോദിക്കുന്ന അമ്മയായി കെ ആർ വിജയ. മേനകയായിരുന്നു നായിക.

അമ്മ ഒറ്റയ്ക്ക് താമസിക്കുന്ന മണിമാളിക വാങ്ങാൻ വരുന്നയാളോട് (കടുവാക്കുളം ആന്റണി) വീടിന്റെയും മകന്റെയും (രവീന്ദ്രൻ) കഥ പറയുകയാണ് ആ അമ്മ (കെ ആർ വിജയ). ദുബായിൽ നിന്നുമുള്ള ഭർത്താവിന്റെ മണിയോർഡർ കൊണ്ട് ഏകമകനെയും വളർത്തി ജീവിച്ചിരുന്ന അമ്മയ്ക്ക് ഒരു ദിവസം മണിയോർഡർ നിന്നു; ഒപ്പം ഭർത്താവിനെക്കുറിച്ചുള്ള വിവരങ്ങളും. സ്വർണ്ണമാല വിറ്റും പഠിപ്പിച്ച മകൻ വലുതായി ദുബായിൽ പോയി അച്ഛനെ കണ്ടെത്തിയില്ലെങ്കിലും പണമുണ്ടാക്കാനുള്ള സ്വർണ്ണവഴി കണ്ടെത്തിയിരുന്നു. നാട്ടിൽ മണിമാളിക വാങ്ങി ജീവിക്കവേ ആണ് ബിസിനസിലെ കമ്മീഷൻ വേണമെന്ന് പറഞ്ഞ് ഒരു യുവതി സമീപിക്കുന്നത്. അവരെ ഒഴിവാക്കിയ മകനെ രാത്രി ഒരു അപരിചിതൻ വീട് കയറി കുത്തിക്കൊന്ന കാഴ്‌ചയും അമ്മയ്ക്ക് കാണേണ്ടി വന്നു.

കഥ പറഞ്ഞു കഴിഞ്ഞ അമ്മ വീട് വാങ്ങാൻ വന്നയാൾക്ക് ചായ കൊടുത്തു. ആ ചായയിൽ വിഷമുണ്ടായിരുന്നു. അയാളായിരുന്നല്ലോ വർഷങ്ങൾക്ക് മുൻപ് വീട് കയറി മകനെ കുത്തിക്കൊന്നവൻ.

ആർ എസ് കോതാണ്ഡരാമനായിരുന്നു നിർമ്മാതാവും ചിത്രസംയോജകനും. ഈ ചിത്രത്തിന്റെ നിർമ്മാതാവിനെയോ, തിരക്കഥാകൃത്തിനെയോ, സംവിധായകനെയോ മലയാളം പിന്നീട് കണ്ടില്ല. എന്നാൽ ശങ്കർ-ഗണേഷ് എന്ന ഇരട്ട സംഗീത സംവിധായകർ അതിനോടകം മലയാളികളുടെ ഹൃദയത്തിൽ ഇടംപിടിച്ചു. 1986-ൽ ഗണേഷിന് ഒരു ടേപ്പ് റെക്കോർഡർ പാർസലായി കിട്ടി. പാട്ട് ഇഷ്ടമാവുമെങ്കിൽ ചാൻസ് തരണമെന്ന് ഒരു കുറിപ്പും ഉണ്ടായിരുന്നു. ഗണേഷ് പ്ളേ ബട്ടൺ അമർത്തിയതും ടേപ്പ് റെക്കോർഡർ പൊട്ടിത്തെറിച്ച് ഗണേഷിന്റെ കാഴ്‌ച നഷ്‌ടമായി (28 വർഷങ്ങൾക്ക് ശേഷം ലെൻസ് പിടിപ്പിച്ചു). രാജീവ് ഗാന്ധി കൊല്ലപ്പെട്ട സ്ഥലത്തെ വേദിയിൽ സംഗീതം നിയന്ത്രിച്ച് ഗണേഷ് ഉണ്ടായിരുന്നു. സുഹൃത്ത് ശങ്കർ അന്തരിച്ചതിന് ശേഷവും ഗണേഷ്, ശങ്കർ-ഗണേഷ് എന്ന ബാൻഡുമായി തുടർന്നു.

Back to top button
error: