തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെടാന്‍ തടവുകാരന്റെ വിഫലശ്രമം. ഒരു ബ്ലോക്കിന്റെ മതില്‍ ചാടി എത്തിയത് അടുത്ത ബ്ലോക്കില്‍. അബദ്ധം പറ്റിയെന്ന് മനസിലായതോടെ മതില്‍ ചാടി പഴയ ബ്ലോക്കിലെത്തി.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്ത മോഷണക്കേസ് പ്രതിയായ യുവാവാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. ഇയാള്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ എത്തിയിട്ട് ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. അവധി ദിവസമായതിനാല്‍ ഇന്ന് തടവുകാര്‍ക്ക് ടിവി കാണാനുള്‍പ്പടെ സ്വാതന്ത്ര്യം അനുവദിച്ചിരുന്നു. ഈ സാഹചര്യം മുതലെടുത്താണ് ഇയാള്‍ തടവുചാടാന്‍ ശ്രമം നടത്തിയത്.
ഏഴടിപ്പൊക്കമുള്ള മതില്‍ ചാടിക്കടന്നപ്പോളാണ് അബദ്ധം മനസിലായത്. സമയം കഴിഞ്ഞിട്ടും ഇയാളെ കാണാതായതിനെ തുടര്‍ന്ന് തിരക്കിയിറങ്ങിയ വാര്‍ഡന്‍മാരാണ് അടുത്ത ബ്ലോക്കില്‍ ഈ തടവുകാരന്‍ ഇരിക്കുന്നത് കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നത് ചോദിച്ചപ്പോള്‍ മൂത്രമൊഴിക്കാനെത്തിയതെന്നായിരുന്നു മറുപടി. തടവുകാരന്‍ മതില്‍ ചാടാനുള്ള ശ്രമം നടത്തിയതാണെന്ന് മനസിലായതോടെ ഇയാളെ അതീവ സുരക്ഷയുള്ള മറ്റൊരു ബ്ലോക്കിലേക്ക് മാറ്റി.