KeralaNEWS

അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിച്ച പുണ്യ മാസം, ശവ്വാല്‍ പിറയുടെ ആഹ്ലാദത്തിൽ മതിമറന്ന് മാനവർ

   നാളെയാണ് കേരളത്തിൽ ചെറിയ പെരുന്നാള്‍ (ഈദുൾ ഫിത്തര്‍). ഇതോടെ ഈ വര്‍ഷത്തെ റംസാന്‍ 30 പൂര്‍ത്തിയാവും. അഞ്ച് വെള്ളിയാഴ്ചകള്‍ ലഭിക്കുന്ന മാസം എന്ന പ്രത്യേകത കൂടി ഇത്തവണത്തെ റംസാനുണ്ട്.

ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന്റെ സന്തോഷത്തിലേക്ക് കൂട്ടുചേരാനെത്തുന്ന ആഹ്ലാദ സുദിനം. മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്കാണ് പെരുന്നാളിനെ വരവേല്‍ക്കാൻ തിടുക്കം. റംസാന്‍ ആദ്യ ദിനം മുതലേ അവര്‍ എണ്ണിത്തുടങ്ങുന്നു, പെരുന്നാളിലേക്കുള്ള ദൂരം. ഇനിയുള്ള ഈ  ഒരു രാവിന്റെ അകലം തന്നെ കുട്ടികള്‍ക്ക് വലിയ ദൂരമായായിരിക്കും തോന്നുക.

Signature-ad

ഒരുമാസം അന്നപാനീയങ്ങള്‍ വെടിഞ്ഞ്, തന്നെ മോഹിപ്പിക്കുന്ന സര്‍വ്വതും വെടിഞ്ഞ് വ്രതമനുഷ്ഠിച്ച വിശ്വാസികളുടെ മുന്നിലേക്ക് ആഹ്ലാദത്തിന്റെ ചിറകിലേറി ചെറിയ പെരുന്നാള്‍ കടന്നുവരുമ്പോള്‍ അവരുടെ മനതാരില്‍ നിറയുന്ന സന്തോഷത്തിന് അതിരുകളില്ല. കടന്നുപോയ ഒരുമാസം കഠിനമായ തപസിന്റെ കാലമായിരുന്നു. അല്ലാഹുവിന് വേണ്ടി അവന്‍ എല്ലാം ത്യജിച്ചു. പകല്‍  ഏതാണ്ട് 14 മണിക്കൂര്‍ നേരം ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ വരണ്ട ചുണ്ടും തൊണ്ടയുമായി പട്ടിണി കിടക്കുക മാത്രമായിരുന്നില്ല, അല്ലാഹുവിന്റെ കല്‍പ്പന അനുസരിച്ച്, സന്തോഷകരമായ പലതും ത്യജിച്ച് ജീവിക്കുകയായിരുന്നു. നീണ്ട ഒരുമാസം ഇങ്ങനെ അവന്‍ ജീവിച്ചത് ഒരൊറ്റ ചിന്തയിലൂന്നി മാത്രം; അല്ലാഹുവിന്റെ അറ്റമറ്റ കടാക്ഷം പ്രതീക്ഷിച്ച്.

മുതിരുംതോറും പെരുന്നാളിന്റെ മാധുര്യം കുറയുന്നോ എന്ന് ചിന്തിക്കാറുണ്ട് പലരും. കുട്ടിക്കാലത്ത് തന്നെയാണ് എല്ലാ ഉത്സവങ്ങൾക്കും മധുരമേറെ. അന്ന് അധികമൊന്നും ചിന്തിക്കാനില്ല. ആവലാതികളും ആകുലതകളും തിരിച്ചറിയുന്ന പ്രായമല്ല. പുത്തനുടുപ്പുകളും രുചിയൂറുന്ന ഭക്ഷണങ്ങളും മാത്രമായിരിക്കും മനസ്സിൽ. ബന്ധുവീടുകൾ സന്ദര്‍ശിക്കുമ്പോള്‍ കൈനിറയെ ലഭിച്ചിരുന്ന പെരുന്നാള്‍ പണവുമായി ‘സന്ത’കള്‍ തേടിയലഞ്ഞതും കളിപ്പാട്ടങ്ങള്‍ വാങ്ങിയതുമൊക്കെ ആ ഓര്‍മ്മകള്‍ക്ക് പിന്നേയും മിഴിവേകുന്നു.

പെരുന്നാള്‍ തലേന്ന് രാത്രി ആഘോഷങ്ങളുടെ സുഗന്ധം നിറഞ്ഞുതുടങ്ങും. വീട്ടില്‍ അപ്പത്തരങ്ങള്‍ ഉണ്ടാക്കുന്നതിന്റെ തിരക്കിലായിരിക്കും ഉമ്മമാർ. ബട്ടിപ്പത്തിരി, പൊരിയുണ്ട, പഴംപൊരിച്ചത്, ഈത്തപ്പഴം പൊരിച്ചത്.  പലഹാരങ്ങള്‍ തിളയ്ക്കുന്ന എണ്ണയ്ക്ക് ചുറ്റും വീട്ടമ്മമാർ ഓടിത്തളരും. പെണ്‍കുട്ടികള്‍ വാതില്‍പടിക്കല്‍ ഇരുന്ന് മൈലാഞ്ചി വെക്കുകയാവും ഈ നേരം. ഇന്നത്തെ പോലെ വ്യത്യസ്തങ്ങളായ, മൈലാഞ്ചി ട്യൂബുകള്‍ സുലഭമായിരുന്ന കാലമായിരുന്നില്ല പണ്ട്. മൈലാഞ്ചി ഇല അരച്ചെടുത്ത് കയ്യിലും കാലിലും നഖങ്ങളിലും വിവിധ ചിത്രങ്ങള്‍ വരച്ച് ചുമപ്പിന്റെ ഭംഗി തീര്‍ക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് വല്ലാത്തൊരു ഭംഗിയാണ്.
പെരുന്നാള്‍ തലേന്ന് രാവുകള്‍ക്ക് മുല്ലപ്പൂവിന്റെ സുഗന്ധം കൂടിയുണ്ട്. മാനത്തമ്പിളി തെളിയുകയും പള്ളികളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങുകയും ചെയ്യുന്നതോടെ നാട്ടിൽ മുല്ലപ്പൂ കൗണ്ടറുകള്‍ നിറയും. മുല്ലപ്പൂ വീട്ടിലെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മുഖത്തു വിടരുന്ന സന്തോഷത്തിന് പെരുന്നാള്‍ അമ്പിളിയേക്കാളും തിളക്കമാണ്.
ആ രാത്രി ഉറങ്ങില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നാലും ഉറക്കംവരില്ല. സുബഹി കഴിഞ്ഞയുടനെ ഉമ്മ ഫിത്തര്‍ സക്കാത്തിനുള്ള ഒരുക്കങ്ങളിലായിരിക്കും. മുദ്ദ് അളവിലാണ് ഫിത്തര്‍ സക്കാത്തായി അരി നല്‍കേണ്ടത്. അത് നിര്‍ബന്ധമാണ്.

സക്കാത്ത് വാങ്ങാന്‍ വേണ്ടി വരുന്നവരെ ഉമ്മമാർ സന്തോഷിപ്പിച്ച് വിടും.
എട്ടുമണിക്കാണ് പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരമെങ്കിലും ഏഴ് മണിക്ക് മുമ്പേ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങള്‍ ധരിച്ച് കാത്തിരിപ്പാവും. പെരുന്നാള്‍ ദിനത്തില്‍ പള്ളിയിലേക്കുള്ള യാത്ര ആനന്ദത്തിന്റെ യാത്രയാണ്. പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം ഉസ്താദിന്റെ ഖുത്തുബ പ്രഭാഷണം.  അതൊന്നുതീര്‍ന്നുകിട്ടിയാല്‍ മതി എന്ന ചിന്തയായിരിക്കും അപ്പോള്‍ മനസ്സു നിറയെ. തീരേണ്ട നേരം ബന്ധു വീടുകളിലേക്ക് ഓടുകയായി. ഓരോ വീടുകളിലും ചെല്ലുമ്പോള്‍ മുന്നില്‍ സര്‍ബത്തും പലഹാരങ്ങളും കൊണ്ടുവയ്ക്കും. അവയേക്കാള്‍ ശ്രദ്ധ വീട്ടുകാര്‍ ചുരുട്ടിത്തരുന്ന നോട്ടിലോ നാണയത്തിലോ ആയിരിക്കും. കാശ് കിട്ടിയാല്‍ പിന്നെ അവിടെ നില്‍ക്കില്ല. അടുത്ത വീട്ടിലേക്ക് ഓട്ടമായി. ഉച്ചയ്ക്ക് കോഴി ബിരിയാണി എല്ലാ വീട്ടിലും നിര്‍ബന്ധം.
ഓരോ നോമ്പ് കാലത്തും ബാല്യത്തിലേയ്ക്കാണ് മനസ്സ് സഞ്ചരിക്കുക. ആ ഓർമകളിലൂടെ ബാല്യം തിരികെ പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ പോയ്മറഞ്ഞ ഒരു കാലത്തിന്റെ മധുരവും മണവും വീണ്ടും ഹൃദയമാകെ നിറയും.

(കടപ്പാട്:  ടി.എ ഷാഫി)

Back to top button
error: