Health

പുളിപ്പിച്ച ഭക്ഷണം: കൂടുതല്‍ പോസിറ്റീവ് ആകും, തലച്ചോറിന്റെയും മനസ്സിന്റെയും ആരോഗ്യത്തിനും ഉത്തമം

ആരോഗ്യം

  സമ്മര്‍ദ്ദങ്ങളെ അകറ്റിനിര്‍ത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും കഴിക്കുന്ന ഭക്ഷണത്തില്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ സഹായിക്കും. ഭക്ഷണക്രമവും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയാണ് പുതിയ ഒരു പഠനം. പുളിപ്പിച്ച ഭക്ഷണം കഴിക്കുന്നത് കൂടുതല്‍ പോസിറ്റീവ് ആകാനും തലച്ചോറിന്റെയും മനസ്സിന്റെയും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്നാണ് ഈ പഠനങ്ങൾ പറയുന്നത്. പുളിപ്പിച്ച് തയ്യാറാക്കിയ ഏകദേശം 200ഓളം വിഭവങ്ങള്‍ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.

പഠനത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഇവ കുടലിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയെന്ന് പഠനം നടത്തിയ ഗവേഷകര്‍ പറയുന്നു. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുന്നത് തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന്  ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പുളിപ്പിച്ച ഭക്ഷണം ശരീരത്തിന് ആവശ്യമായ ബാക്ടീരിയകള്‍ നല്‍കുന്നു. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുമെന്ന് മാത്രമല്ല മാനസികാവസ്ഥ മെച്ചെപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും നേരിട്ട് സ്വാധീനം ചെലുത്തും. പുളിപ്പിച്ച ഭക്ഷണങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്ന സെറാടോണിന്‍ ഉത്പാദിപ്പിക്കുന്ന അമിനോ ആസിഡായ ട്രിപ്‌റ്റോഫാന്റെ ഉറവിടമാണ്.
കൂടാതെ പുളിപ്പിച്ച ഭക്ഷണങ്ങളില്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകള്‍ അഥവാ ബ്രെയിന്‍ മെസഞ്ചറുകള്‍ അടങ്ങിയിട്ടുണ്ട്. തൈര്, അച്ചാറുകള്‍, ദോശ, ഇഡലി തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആഹാരക്രമത്തില്‍ നിർബന്ധമായും ഉള്‍പ്പെടുത്തുക.

Back to top button
error: