മോഹൻലാലിനെ മലയാളത്തിന്റെ ലാലേട്ടനാക്കിയ വേണു നാഗവള്ളിയുടെ ‘സർവ്വകലാശാല’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 36 വർഷം
സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ
മോഹൻലാലിനെ ലാലേട്ടനാക്കിയ വേണു നാഗവള്ളിയുടെ ‘സർവ്വകലാശാല’യ്ക്ക് 36 വർഷം പഴക്കം. 1987 ഏപ്രിൽ 21 നാണ് ഈ സൂപ്പർഹിറ്റ് ചിത്രം പിറന്നത്. ചെറിയാൻ കല്പകവാടിയുടെ കഥ. പാലക്കാട് വിക്ടോറിയ കോളജായിരുന്നു പ്രധാന ലൊക്കേഷൻ. നിർമ്മാണം ആനന്ദ്. പ്രിയദർശന്റെ ‘റോങ്ങ് നമ്പർ’ അടക്കം മൂന്ന് ചിത്രങ്ങൾക്ക് ശേഷം ആനന്ദ് നിർമ്മിച്ച ചിത്രമാണിത്. പിന്നീട് നാഗവള്ളിയുടെ രണ്ട് ചിത്രങ്ങൾ കൂടി നിർമ്മിച്ച ആനന്ദ് ഇപ്പോൾ മമ്മൂട്ടിയുടെ ‘ബസൂക്ക’യുടെ നിർമ്മാണത്തിലാണ്.
തെറ്റിദ്ധാരണയുടെ പ്രായത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന യുവത്വത്തിന്റെ കഥയാണ് ‘സർവ്വകലാശാല’ പറഞ്ഞത്. മൂന്നാം പിജിക്ക് പഠിക്കുന്ന ലാൽ, ജീവൻ (ശ്രീനാഥ്), അയാളുടെ സഹോദരി (ലിസി), അച്ചന്മാർ (അടൂർ ഭാസി, ജഗതി, ശങ്കരാടി), സ്പോർട്ട്സ് സാർ (ഇന്നസെന്റ്), ലാലിന്റെ പഴയ സഹപാഠി ഇപ്പോൾ കോളേജ് ലക്ച്ചറർ (സന്ധ്യ) തുടങ്ങിയ പ്രമുഖ കോളജ് താരങ്ങൾക്കൊപ്പം അവധൂതനായ സിദ്ധനും (നെടുമുടി) ചേർന്ന് കാല്പനികവും റിയലിസവും ചേർന്ന ഗൃഹാതുരലോകം സമ്മാനിച്ചു ഈ ചിത്രം.
കോളജിലെ കലോത്സവം കഴിഞ്ഞ് ലിസിയെ കയറിപ്പിടിച്ചത് ലാലേട്ടനാണെന്ന് വിചാരിച്ച് ലാലിനെ മാനേജ്‌മെന്റ് സസ്‌പെൻഡ് ചെയ്യുന്നു. കോളജിൽ ലഹള. പോലീസ് ലാലിനെ അറസ്റ്റ് ചെയ്‌തു. യഥാർത്ഥ പ്രതിയെ തിരിച്ചറിഞ്ഞതോടെ കോളജ് ഒന്നാകെ പോലീസ് സ്റ്റേഷന് മുന്നിൽ ഹാജരായി. പ്രിൻസിപ്പലച്ചൻ ലാലിനോട് മാപ്പ് ചോദിക്കുമ്പോൾ വിദ്യാർത്ഥികളുടെ ബാനർ ചുരുൾ നിവർന്നു: ‘ലാലേട്ടാ മാപ്പ്.’
കാവാലം- എംജി രാധാകൃഷ്ണൻ ടീമിന്റെ ഗാനങ്ങൾ ചിത്രത്തെപ്പോലെ തന്നെ ഹൃദയഹാരിയായി. ‘അതിര് കാക്കും മലയൊന്ന് തുടുത്തേ’ കാവാലത്തിന്റെ തനത് ശൈലീ നാടൻപാട്ടാണ്. ‘അത്തിന്തോ തെയ്യന്താരോ’ അടിപൊളി ഗണത്തിൽപ്പെടുത്താം. ‘പൊരുന്നിരിക്കും ചൂടിൽ’ ലാലിൻറെ കുട്ടിക്കാലം കാണിക്കുന്ന പാട്ട്. ‘പനിനീർ പൂവിതളിൽ’ എന്ന പ്രണയ ഗാനത്തിന്, ഭരതന്റെ ‘ചാമര’ത്തിലെ ‘കതിരാടും വയലിൽ’ എന്ന ഗാനത്തിന്റെ ഈണം എംജി രാധാകൃഷ്ണൻ വീണ്ടും ഉപയോഗിച്ചു.
‘ഇലഞ്ഞിപ്പൂക്കൾ’ എന്ന സിനിമയിലൂടെ വന്ന നടിയാണ് സന്ധ്യ. ‘സർവകലാശാല’യ്ക്ക് ശേഷം ‘കാട്ടുകുതിര’യിലെ തമ്പുരാട്ടി വേഷവും ശ്രദ്ധിക്കപ്പെട്ടു.