ഒരു വാതിൽ അടയ്ക്കുമ്പോൾ മറ്റൊരു വാതിൽ തുറന്ന് സൗദി : ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം: ഫാമിലി വിസ അപേക്ഷകൾ ഇനി എളുപ്പമാകും

റിയാദ് : പല തൊഴിൽ മേഖലകളിലും സ്വദേശിവൽക്കരണം കർശനമാക്കിയ സൗദി പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഫാമിലി വിസയിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു.
സൗദിയിൽ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കി മാറ്റാം പ്രവാസികൾക്ക് ആശ്വാസമായി ‘മുഖീം’ പ്ലാറ്റ്ഫോമിൽ പുതിയ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്.
സൗദി അറേബ്യയിലുള്ള പ്രവാസികളുടെ കുടുംബാംഗങ്ങളുടെ വിസിറ്റ് വിസകൾ ഇഖാമയിലേക്ക് മാറ്റാനുള്ള നടപടികൾക്ക് തുടക്കമായി. ഇതിനായുള്ള സാങ്കേതിക ഒരുക്കങ്ങൾ ജവാസാത്ത് ഡയറക്ടറേറ്റിന് കീഴിലുള്ള ‘മുഖീം’ പ്ലാറ്റ്ഫോമിൽ ആരംഭിച്ചു. പ്രവാസി ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ വിസ സ്റ്റാറ്റസ് മാറ്റുന്നതിനായി സ്വകാര്യ സ്ഥാപനങ്ങളെ സഹായിക്കുന്ന പേജ് മുഖീം പോർട്ടലിൽ സജ്ജമായിക്കഴിഞ്ഞു.
വിസിറ്റ് വിസയിൽ എത്തിയ കുടുംബാംഗങ്ങളെ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് ഇഖാമയിലേക്ക് (Resident Permit) മാറ്റാൻ ഈ സേവനം വഴി സാധിക്കും.
നിലവിൽ മുഖീം പ്ലാറ്റ്ഫോമിൽ ഇതിനായുള്ള പ്രത്യേക പേജ് ദൃശ്യമായിട്ടുണ്ടെങ്കിലും സേവനം പൂർണ്ണമായി പ്രവർത്തനസജ്ജമായിട്ടില്ല. വരും ദിവസങ്ങളിൽ ഇത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കമ്പനികൾക്കോ സ്പോൺസർമാർക്കോ തങ്ങളുടെ ജീവനക്കാരുടെ കുടുംബാംഗങ്ങളുടെ വിസ മാറ്റാനുള്ള അപേക്ഷകൾ ഇനി മുഖീം വഴി നേരിട്ട് സമർപ്പിക്കാം.
ഫാമിലി വിസ അപേക്ഷകൾ ഇനി എളുപ്പമാകുമെന്നതാണ് ഇതിന്റെ നേട്ടം. കുടുംബാംഗങ്ങളെ സൗദിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അപേക്ഷകൾ അംഗീകരിക്കാനുള്ള പുതിയ സംവിധാനവും മുഖീം പ്ലാറ്റ്ഫോമിൽ ആരംഭിച്ചിട്ടുണ്ട്.
ആദ്യം പ്രവാസി തൊഴിലാളി തന്റെ അബ്ഷിർ (Absher) അക്കൗണ്ട് വഴി അപേക്ഷ സമർപ്പിക്കണം.തുടർന്ന് തൊഴിലുടമയോ സ്ഥാപനമോ മുഖീം പ്ലാറ്റ്ഫോമിലൂടെ ഈ അപേക്ഷ പരിശോധിച്ച് അംഗീകാരം നൽകണം.
പ്രവാസികൾക്ക് തങ്ങളുടെ കുടുംബത്തെ സ്ഥിരമായി കൂടെ നിർത്താൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു വാതിലാണ് ഇതിലൂടെ തുറക്കപ്പെടുന്നത്.






