കൊച്ചി: മൂന്നാര്‍ ചിന്നക്കനാല്‍ ജനവാസ മേഖലയില്‍ ഭീഷണിയായ ഒറ്റയാന് അരിക്കൊമ്പനെ പിടികൂടി മാറ്റുന്നതു സംബന്ധിച്ച ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുന്നതിന് പറമ്പിക്കുളത്തിനു പകരം സ്ഥലം കണ്ടെത്താന്‍ കോടതി കൂടുതല്‍ സമയം അനുവദിച്ചു. സ്ഥലം കണ്ടെത്തും വരെ അരിക്കൊമ്പനെ നിരീക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ഇടുക്കിക്ക് പുറമേ വായനാട്ടിലും പാലക്കാടും ദൗത്യസംഘം വേണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം പഠിക്കുകയാണ് ദൗത്യസംഘത്തിന്റെ ചുമതല. ഡിഎഫ്ഒയും റവന്യു ഡിവിഷനല്‍ ഓഫിസറും ദൗത്യസംഘത്തില്‍ ഉണ്ടാകണം. ദൗത്യസംഘം പഠിച്ച് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു.
ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇന്നു ഹര്‍ജി പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് അടുത്തമാസം മൂന്നിലേക്ക് മാറ്റി.
പറമ്പിക്കുളത്തിനു പകരം യോജിച്ച മറ്റൊരു ഇടത്തേക്ക് അരിക്കൊമ്പനെ മാറ്റണമെങ്കില്‍ ഒരാഴ്ചയ്ക്കകം സ്ഥലം നിശ്ചയിക്കാനാണു ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ പകരം സ്ഥലം കണ്ടെത്താനായില്ലെങ്കില്‍ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതിയുടെ മുന്‍ ഉത്തരവു നിലനില്‍ക്കുമെന്നും അതിലെ നിര്‍ദേശങ്ങള്‍ ഉടനെ നടപ്പാക്കണമെന്നും കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.