പത്തനംതിട്ട: പണിക്കു പോകാതെ രാപ്പകല്‍ പണം വെച്ചു ചീട്ട് കളിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. തൊഴിലാളികളായി എത്തിയ ശേഷം റമ്മി കളി തൊഴിലാക്കിയവരെ ആണ് പന്തളം പോലീസ് പിടി കൂടിയത്. പണം വെച്ചു ചീട്ടു കളിച്ചതിന് ആറ് ഇതര സംസ്ഥാന തൊഴിലാളികളെയാണ് പന്തളം പോലീസ് പിടികൂടിയത്. ചീട്ടുകളും 21,910 രൂപയും കളിക്കളത്തില്‍ നിന്നും പിടിച്ചെടുത്തു.
പന്തളം കടയ്ക്കാട് ഉളമയില്‍ മുസ്ലീം പള്ളിക്ക് പടിഞ്ഞാറ് വശം സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് ഇവര്‍ പണംവെച്ചുള്ള ചീട്ടുകളിയില്‍ ഏര്‍പ്പെട്ടത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ എസ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പശ്ചിമ ബംഗാള്‍ സ്വദേശികളായ മോജാഹര്‍ അലി (23), രാഹുല്‍ റാണ (23), സക്ലേക് മോസ്റ്റാക് (22), മോവര്‍ജെം ചൗദരി (25), അലി ഹുസൈന്‍ (24), സോഹാല്‍ റാണ (26) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.