ദില്ലി: ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികൾക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. എന്നാൽ അത് നിയമ പ്രകാരമാകണമെന്ന് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. കുറ്റവാളികൾക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണം. എന്നാൽ അത് രാജ്യത്തെ നിയമത്തിന് കീഴിലായിരിക്കണം. നമ്മുടെ രാജ്യത്തെ നിയമം ഭരണഘടനയിൽ എഴുതിയിട്ടുണ്ടെന്നും ഈ നിയമം പരമപ്രധാനമാണെന്നും പ്രിയങ്ക പറഞ്ഞു. ഏതെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തിനായി നിയമവാഴ്ചയും നീതിന്യായ വ്യവസ്ഥയും ലംഘിക്കുന്നത് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
जो भी ऐसा करता है, या ऐसे करने वालों को सरंक्षण देता है, उसे भी ज़िम्मेदार ठहराया जाना चाहिए और उस पर भी सख्ती से क़ानून लागू होना चाहिए।
देश में न्याय व्यवस्था और कानून के राज का इकबाल बुलंद हो, यही हम सबकी कोशिश होनी चाहिए।
— Priyanka Gandhi Vadra (@priyankagandhi) April 16, 2023
ഇന്നലെ രാത്രിയിലാണ് ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് മരിക്കുന്നത്. ആസൂത്രിതമായിട്ടായിരുന്നു പ്രതികളുടെ നീക്കം. വെള്ളിയാഴ്ച്ച രാത്രി പ്രയാഗ് രാജിൽ എത്തിയ പ്രതികൾ റെയിൽവേ സ്റ്റേഷന് മുന്നിലെ ഹോട്ടലിൽ താമസിച്ചു. തുടർന്ന് അതീഖിനെ ശനിയാഴ്ച്ച രാത്രി മെഡിക്കൽ കോളേജിൽ എത്തിക്കുമെന്ന വിവരം ലഭിച്ചതോടെ മാധ്യമപ്രവർത്തകരുടെ വേഷത്തിൽ അവിടേക്ക് നീങ്ങി. യൂട്യൂബ് വാർത്ത ചാനലിന്‍റഫെ മൈക്ക് ഐ ഡിയും ക്യാമറുമായി അരമണിക്കൂർ മുമ്പ് എത്തിയാണ് പ്രതികൾ മാധ്യമ പ്രവർത്തകർക്കൊപ്പം നിന്നത്. പൊലീസ് കാവൽ മറികടന്ന് പോയിന്‍റ് ബ്ളാങ്കിൽ നിറയൊഴിച്ചാണ് ഇവർ അതീഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കൈകളുയർത്തി പ്രതികൾ കീഴടങ്ങുകയായിരുന്നു. നേരത്തെയും ഇവർക്കെതിരെ കേസുകളുണ്ടായിരുന്നുവെന്നാണ് പ്രതികളുടെ കുടുംബത്തിന്‍റെ പ്രതികരണം.
മതിയായ സുരക്ഷ ഇല്ലാതെയാണ് ഇന്നലെ ആതിഖിനെ ആശുപത്രിയിൽ എത്തിച്ചതെന്ന ആരോപണം ആതിഖിന്റ അഭിഭാഷകൻ ഉന്നയിക്കുന്നുണ്ട്. ആതിഖിനെ എത്തിച്ച കൃത്യം സമയം പ്രതികൾക്ക് ചോർന്നു കിട്ടിയതെങ്ങനെ എന്ന ചോദ്യവും ഉയരുന്നു. സംഭവത്തിൽ യു പി സർക്കാർ ഇന്നലെ തന്നെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. യു പിയിൽ നിരോധനാജ്ഞ പ്രഖ്യാപച്ചിട്ടുണ്ട്. പതിനേഴ് പൊലീസുകാരെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. മുന്നറിയിപ്പുകൾ ഉണ്ടായിട്ടും ഇത്രയടുത്തെത്തി പ്രതികൾക്ക് ഈ കൊലപാതകം നടത്താനുള്ള സഹായം ആരു നല്കി എന്നതാണ് ഇനി വ്യക്തമാകേണ്ടത്.