റിയാദ്: പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സ്വകാര്യ മേഖലയ്ക്ക് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് നാല് ദിവസം അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. ഏപ്രില്‍ 20 പ്രവൃത്തി ദിനം അവസാനിക്കുന്നത് മുതലാണ് അവധി പ്രാബല്യത്തില്‍ വരിക. ഏപ്രില്‍ 24 തിങ്കളാഴ്ചയോടെ അവധി അവസാനിക്കും. മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് അവധി പ്രഖ്യാപിച്ചത്
ഈ അവധി ദിനങ്ങളില്‍ രണ്ട് ദിവസങ്ങളില്‍ വാരാന്ത്യ അവധിയും ഉള്‍പ്പെടുന്നുണ്ട്. അതിനാല്‍ പകരം മറ്റു രണ്ട് പ്രവൃത്തി ദിനങ്ങളില്‍ അവധി നല്‍കാനും നിര്‍ദേശമുണ്ട്. സൗദിയിലെ തൊഴില്‍ നിയമപ്രകാരം അവധി ദിനങ്ങളും വാരാന്ത്യ അവധികളും ഒരുമിച്ച് വന്നാല്‍ പകരം അവധിയോ വേതനമോ നല്‍കേണ്ടതുണ്ട്.