കോട്ടയം: മകന്‍ കെ.എം. മാണി ജൂനിയര്‍ (19-കുഞ്ഞുമാണി) പ്രതിയായ വാഹന അപകട കേസിലെ പോലീസ് കള്ളക്കളിയെ കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളോട് മൗനം പാലിച്ച് ജോസ് കെ.മാണി. കോട്ടയത്ത് നടന്ന കെ.എം. മാണി അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ ജോസ് കെ.മാണി മാധ്യമങ്ങള്‍ക്കു മുന്നില്‍ വരാന്‍ തയാറായില്ല. കെ.എം.മാണിയുടെ ഓര്‍മ നിറഞ്ഞ വേദിയില്‍ മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്റെ പ്രതികരണം.
ഒരു കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ടു ചെറുപ്പക്കാരുടെ ജീവനെടുത്ത അപകടം. അതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഭരണമുന്നണിയിലെ പ്രധാന ഘടക കക്ഷിയുടെ നേതാവിന്റെ മകനും. അപകടത്തിനു പിന്നാലെ ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധന ഒഴിവാക്കാന്‍ എഫ്‌ഐആറില്‍ പോലീസ് കൃത്രിമം നടത്തി എന്ന ഗുരുതരമായ ആരോപണം ഉയര്‍ന്നിട്ടും മൗനം തുടരുകയാണ് കേരള കോണ്‍ഗ്രസ് എം.
തിരുനക്കരയില്‍ കെ.എം. മാണി അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ജോസ് കെ മാണിയുടെ പ്രതികരണം മാധ്യമ പ്രവര്‍ത്തകര്‍ ആരാഞ്ഞെങ്കിലും എം.പി മാധ്യമങ്ങള്‍ക്കു മുന്നിലെത്തില്ലെന്ന് അദ്ദേഹത്തിന് ഒപ്പമുള്ളവര്‍ അറിയിച്ചു. ചെയര്‍മാനു പകരം സംസാരിച്ച പാര്‍ട്ടി ലീഡര്‍ കൂടിയായ മന്ത്രി റോഷി അഗസ്റ്റിനും അപകട കേസിലെ അട്ടിമറിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞില്ല. കെ.എം.മാണിയുടെ ഓര്‍മ നിലനില്‍ക്കുന്ന വേദിയില്‍ മറ്റ് ചോദ്യങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്ന് പറഞ്ഞാണ് മന്ത്രി ഒഴിഞ്ഞു മാറിയത്.
ജോസ് കെ.മാണിയുടെ മകനെ രക്ഷിക്കാന്‍ അട്ടിമറികള്‍ ഒന്നും നടന്നിട്ടില്ലെങ്കില്‍ എന്തുകൊണ്ട് കേരള കോണ്‍ഗ്രസ് എം നേതാക്കള്‍ ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നില്ല എന്ന സംശയവും ഇതോടെ ശക്തമാവുകയാണ്. സാധാരണ ഗതിയില്‍ പോലീസ് വീഴ്ചകളോട് രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ജോസ് കെ മാണിയുടെ മകന്‍ പ്രതിയായ കേസിലെ പൊലീസ് കള്ളക്കളിയെ പറ്റി മിണ്ടിയിട്ടില്ല എന്നതും ശ്രദ്ധേയം. ആദ്യം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ ഇട്ടതെന്നും മററു വീഴ്ചകള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നുമുള്ള വിശദീകരണം ആവര്‍ത്തിച്ച് വിവാദം അവസാനിപ്പിക്കാനാണ് പോലീസും ശ്രമിക്കുന്നത്.