ദില്ലി: ഒരു ആൾക്കെതിരായ പരാമർശമല്ല മറിച്ച് ഒരു സമുദായത്തിനെതിരായ പരാമർശത്തിനാണ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്ന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ഒബിസി വിഭാഗമായ ഒരു സമുദായത്തിനെയാണ് രാഹുൽ ഗാന്ധി അപമാനിച്ചത്. ചൊവ്വാഴ്ച മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു സ്മൃതി ഇറാന്. ലണ്ടനിലും ഇന്ത്യയിലും പാർലമെൻറ്ന് അകത്തും പുറത്തും നുണ പറയുന്നത് രാഹുൽ തുടരുകയാണ്. രാഷ്ട്രീയപരമായ രാഹുൽ ഗാന്ധിയുടെ ചിത്തഭ്രമം പൂർണമായ രീതിയിൽ പ്രദർശനം തുടരുകയാണ്. രാഹുൽ ഗാന്ധിയുടെ ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം രാജ്യത്തിൻറെ വികസനമാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
ലോക് സഭാംഗത്വം റദ്ദാക്കിയതിന് ദിവസങ്ങൾക്ക് പിന്നാലെ രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ നോട്ടീസ് നൽകിയിരിക്കുകയാണ്. 30 ദിവസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയണമെന്നാണ് നോട്ടീസ് വിശദമാക്കുന്നത്. രാജ്യ വ്യാപകമായി രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധം തുടരുന്നതിനിടയിലാണ് സ്മൃതി ഇറാനിയുടെ പരാമർശം. മോദി സമുദായത്തെ ഒന്നടങ്കം അപമാനിച്ചുവെന്ന പരാതിയിൽ സൂറത്ത് കോടതി അദ്ദേഹത്തിന് രണ്ട് വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. തുടർന്നാണ് ലോക്സഭ സെക്രട്ടേറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.
അതേസമയം രാഹുൽ ഗാന്ധിയുടെ അയോഗ്യതയിൽ ഭിന്നത മറന്ന് പ്രതിപക്ഷം ഒന്നിച്ചത് ബിജെപിക്ക് തിരിച്ചടിയായാണ് കണക്കാക്കുന്നത്. അദാനി വിഷയത്തിലടക്കമുണ്ടായ ഭിന്നത മുതലാക്കുന്നതിനിടെ രാഹുലിനെതിരായ നടപടിയുടെ വേഗം കൂട്ടിയത് പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ചതിൽ പാർട്ടിയിൽ ഒരു വിഭാഗത്തിന് അമർഷമുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനെയെല്ലാം മറികടക്കാനായി രാഹുൽ ഒബിസി വിഭാഗങ്ങളെ അപമാനിച്ചുവെന്ന പ്രചാരണം അടുത്ത ആറ് മുതൽ പതിനാല് വരെ രാജ്യവ്യാപകമായി നടത്താൻ ബിജെപി തീരുമാനിച്ചിരുന്നു.