കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേരെ തടവുശിക്ഷയ്ക്ക് വിധിച്ച് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ ദീപകിന് മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയും, സി.ഒ.ടി നസീര്‍ ബിജു പറമ്പത്ത് എന്നിവര്‍ക്ക് രണ്ട് വര്‍ഷം തടവും 10000 രൂപ പിഴയും കോടതി വിധിച്ചു.
തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ് കോടതി വിധി പ്രസ്താവിച്ചത്. 2013 ഒക്ടോബര്‍ 27 നായിരുന്നു സംഭവം. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസ് കത്തി നില്‍ക്കുന്ന സമയം ആയിരുന്നു അന്ന്. ഇതിനിടെ പോലീസ് അത്‌ലറ്റിക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ എത്തിയപ്പോഴായിരുന്നു അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയ്ക്ക് നേരെ കല്ലേറുണ്ടായത്.
ഉമ്മന്‍ ചാണ്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ദിവസം ഇടത് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് മുന്‍പില്‍ ഉപരോധ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വാഹനത്തില്‍ വരുന്നതിനിടെ അദ്ദേഹത്തെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ കാറിന്റെ ചില്ല് തകര്‍ന്ന് അദ്ദേഹത്തിന്റെ തലയ്ക്കും നെഞ്ചിലും പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് വകവയ്ക്കാതെ പരിപാടിയില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സ തേടി.
കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന മുന്‍ എം.എല്‍.എമാരായ സി. കൃഷ്ണന്‍, കെ.കെ. നാരായണന്‍ അടക്കം 110 പേരെ കോടതി വെറുതെവിട്ടു. സംഭവത്തില്‍ ഗൂഢാലോചനക്കുറ്റവും വധശ്രമക്കുറ്റവും നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുമുതല്‍ നശിപ്പിക്കല്‍ നിയമപ്രകാരമാണ് മൂവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.