ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബി ഈഡന്‍, ടി.എന്‍.പ്രതാപന്‍ എന്നിവര്‍ക്കെതിരേ നടപടി വരും. ഇരുവരും ലോക്‌സഭയിലാണ് രേഖകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. ഇരുവരെയും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് സൂചന.
ഒരു അംഗത്തെ സസ്‌പെന്‍ഡ് ചെയ്യണമെങ്കില്‍ പാര്‍ലമെന്ററികാര്യമന്ത്രിയോ സര്‍ക്കാരോ പ്രമേയം െകാണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിനുചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയോ സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്. പ്രമേയം കൊണ്ടുവരുന്നതു സംബന്ധിച്ച് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടായിട്ടില്ലെന്നാണ് സൂചന. എന്നാല്‍, ഇരുവരുടെയും പ്രതിഷേധം അതിരുകടന്നതാണെന്ന തരത്തിലുള്ള സൂചന സ്പീക്കറുടെ ഓഫിസില്‍ നിന്നുണ്ട്.
മോദി പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത്തിലെ ചീഫ് മജിസ്‌ട്രേട്ട് കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.