KeralaNEWS

വിചാരണ പൂര്‍ത്തിയായെങ്കില്‍ മഅദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചുകൂടേ? സുപ്രീംകോടതി

ന്യൂഡല്‍ഹി: ബംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ പൂര്‍ത്തിയായെങ്കില്‍ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ കേരളത്തിലേക്കു പോകാന്‍ അനുവദിച്ചുകൂടേയെന്ന് സുപ്രീം കോടതി. ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണയില്‍ അന്തിമവാദം മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍, മഅദനി ബംഗളൂരുവില്‍ത്തന്നെ തുടരേണ്ടതുണ്ടോ എന്ന് വാദമധ്യേ ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ആരാഞ്ഞു. നാളിതുവരെ മഅദനി ജാമ്യ വ്യവസ്ഥകളൊന്നും ലംഘിച്ചിട്ടില്ലല്ലോയെന്നും കോടതി ചൂണ്ടിക്കാട്ടി.

വിചാരണാ നടപടികള്‍ പൂര്‍ത്തിയാകുകയും ജാമ്യവ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്കു പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം അംഗീകരിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി സൂചന നല്‍കി. അതേസമയം, മറുപടി നല്‍കാന്‍ സമയം വേണമെന്ന കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ച സുപ്രീം കോടതി, മഅദനിയുടെ ഹര്‍ജി ഇനി ഏപ്രില്‍ 13ന് പരിഗണിക്കാനായി മാറ്റി.

Signature-ad

മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ യാതൊരു ഇളവും പാടില്ലെന്നാണ് കര്‍ണാടക സര്‍ക്കാര്‍ ആദ്യം മുതലേ സുപ്രീം കോടതിയില്‍ സ്വീകരിക്കുന്ന നിലപാട്. ജാമ്യ വ്യവസ്ഥ ഇളവു ചെയ്ത് മഅദനിയെ കേരളത്തില്‍ പോകാന്‍ അനുവദിച്ചാല്‍ ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും കര്‍ണാടക സര്‍ക്കാര്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിരുന്നു. കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നത് ചൂണ്ടിക്കാട്ടിയാണ് ചികിത്സയ്ക്കായി കേരളത്തിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅദനി ഹര്‍ജി നല്‍കിയത്.

 

Back to top button
error: