കൊച്ചി: തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് കസ്റ്റഡിയിലെടുത്ത ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരന്റെ (52) മരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കമ്മിഷണര്‍ നിര്‍ദേശം നല്‍കി. പോലീസ് നടപടിയില്‍ വീഴ്ചയുണ്ടെന്നാണ് പ്രാഥമിക നിഗമനം. മനോഹരന്റെ മുഖത്തടിച്ച എസ്‌ഐ: ജിമ്മിയെ സസ്‌പെന്‍ഡ് ചെയ്തു. മനോഹരനെ പിടികൂടിയ സമയത്ത് മുഖത്തടിച്ചതായി എസ്‌ഐ സമ്മതിച്ചിരുന്നു.
ഹില്‍പാലസ് പോലീസ് സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ കുഴഞ്ഞുവീണ മനോഹരന്‍, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. പിടിച്ചയുടന്‍ പോലീസ് മനോഹരനെ മര്‍ദിച്ചുവെന്ന് ദൃക്‌സാക്ഷിയായ വീട്ടമ്മ പറഞ്ഞിരുന്നു. അതിനിടെ, മനോഹരന്റെ മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഹില്‍പാലസ് പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. മനോഹരന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തുടങ്ങി. ശേഷം മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.
ശനിയാഴ്ച രാത്രി 8.45 ഓടെ ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവച്ചാണ് നിര്‍മാണത്തൊഴിലാളിയായ മനോഹരനെ കസ്റ്റഡിയിലെടുത്തത്. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പോലീസ് പിടികൂടിയത്. തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.