ഖത്തറില്‍ ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം നാലായി ഉയര്‍ന്നു. കാസർകോട് പുളിക്കൂറിലെ മുഹമ്മദ് അഷറഫ് (38), മലപ്പുറം നിലമ്പൂര്‍ സ്വദേശി ഫൈസല്‍ കുപ്പായി (48), പൊന്നാനി സ്വദേശി അബു ടി (45), പൊന്നാനി മാറഞ്ചേരി സ്വദേശി നൗഷാദ് (44) എന്നിവരാണ് മരിച്ചത്. കെട്ടിടത്തില്‍ കുടുങ്ങി കിടന്ന കാസര്‍കോട് പുളിക്കൂർ സ്വദേശി മുഹമ്മദ് അഷറഫിന്റെ (38) മൃതദേഹം ഇന്നലെ (ശനി) വൈകീട്ടാണ് കണ്ടെത്തിയത്. ഒരു മാസം മുമ്പാണ് ഇയാൾ ഖത്തറിലെത്തിയത്. അതിനിടയില്‍ അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന് ഇരയായി ജീവൻ പൊലിയുകയും ചെയ്തു. നാട്ടുകാരെയും ബന്ധുക്കളെയും അഷറഫിന്റെ വേർപാട് അഗാധദുഃഖത്തിലാഴ്ത്തി.
ബുധനാഴ്ച രാവിലെ 8.30ഓടെയാണ് ബി റിങ് റോഡിലെ മന്‍സൂറയിലെ ബിന്‍ ദുര്‍ഹാം ഏരിയയില്‍ സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം തകര്‍ന്ന് വീണത്. കെട്ടിടത്തിന്റ ഒരു ഭാഗം അതിനടുത്തുള്ള മൂന്ന് നില കെട്ടിടത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. ഏഴു പേരെ രക്ഷാ സംഘം ഉടന്‍ തന്നെ പുറത്തെത്തിച്ചു. ഒരാളുടെ മരണവും അന്ന് തന്നെ സ്ഥിരീകരിച്ചിരുന്നു.
കെട്ടിടത്തില്‍ താമസിച്ചിരുന്ന അഷറഫിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ച് വരുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയതായി ശനിയാഴ്ച വൈകീട്ടാണ് വിവരം ലഭിച്ചത്. ഇര്‍ഫാനയാണ് ഭാര്യ. ഒരുവയസില്‍ താഴെ പ്രായമുള്ള ഇരട്ടക്കുട്ടികളടക്കം നാല് മക്കളുണ്ട്.