ഡോ.വേണു തോന്നയ്ക്കൽ
കേരളീയരുടെ തൊടിയിലും പുരയിടത്തിലുമൊക്കെ വാഴ കുലച്ചു നിൽക്കുന്നത് പതിവ് കാഴ്ചയാണ്. വാഴക്കുലയിൽ കായ്കൾ മുകളിലേക്ക് വളഞ്ഞാണ് വളരുന്നത്. എന്താന്ന് ഇതിന് കാരണം..?
ഉത്തരം ഗ്രാവിറ്റി (Gravity). ഭൂമി ഒരു വസ്തുവിൽ പ്രയോഗിക്കുന്ന ബലമാണ് ഗ്രാവിറ്റി. വാഴക്കുലയിലെ കായ്കൾ ഗ്രാവിറ്റി അതിജീവിച്ച് മുകളിലേക്ക് വളരുമ്പോൾ അതിൻ്റെ ഉടലിൽ ഉണ്ടാവുന്നതാണ് ഈ വ്യതിയാനം.
ഗ്രാവിറ്റിയും ഉടലുമാത്മാവും തമ്മിലൊരു യുദ്ധം. തന്റെ ചുറ്റുപാടിൽ ഓരോ ജീവിയും യുദ്ധങ്ങളിലൂടെയാണ് അതിജീവിക്കുന്നത്. അതിജീവനവും ജീവിത വിജയവും സാരവത്തായ യുദ്ധങ്ങളുടെ ആകെത്തുക യാണ്. ഇവിടെ വാഴക്കുല ഒരു സിംബൽ ആണ്. ഒരു അടയാളവും ബോധവുമാണ്.
നാം ഒരു കല്ല് ആകാശത്തേക്ക് എറിഞ്ഞാൽ അത് ഭൂമി വിട്ട് സ്വർഗ്ഗരാജ്യം തേടി പോവുകയൊന്നുമില്ല. മടങ്ങി വരും. കാരണമെന്താ…? ഗ്രാവിറ്റി.
അപ്പോൾ ആകാശഗോളങ്ങളിലേക്ക് പേടകങ്ങൾ കുതിക്കുന്നതോ ? അവ ഭൂമിയുടെ ഗ്രാവിറ്റേഷൻ ഫോഴ്സിനെ അതിജീവിക്കുന്നു.
വാഴക്കുല മാത്രമല്ല എല്ലാത്തരം ചെടികളും ആകാശം നോക്കിയാണ് വളരുന്നത് ? സസ്യജാലങ്ങൾ സൂര്യനെ പ്രണയിക്കുന്നു. അവയ്ക്ക് കാമുകസൂര്യനെ നോക്കിയിരിക്കാനുള്ള പ്രേരണയും താല്പര്യവുമുണ്ട്.
അതാണ് ഫോട്ടോട്രോപ്പിസം (Phototropism). സസ്യജാതികൾ വെളിച്ചമുള്ള ദിശയിലേക്ക് വളരുന്നു. അതൊരു ജൈവബോധമാണ്. തങ്ങളുടെ ആവശ്യത്തിൽ നിന്നും ഉല്പാദിപ്പിക്കപ്പെട്ട പ്രണയമാണ്.
ജീവശാസ്ത്രപരമായി പ്രണയം ഒരു ആവശ്യകതയിൽ നിന്നും ആർജിച്ച ബോധവും അനുഭവവും ആണല്ലോ. അത് നാഡീ ബന്ധിതമായ ജൈവ പ്രക്രിയയാണ്. തങ്ങൾക്ക് ആവശ്യമുള്ള കാലമത്രയും അത് നിലനിൽക്കും.
മസ്തിഷ്ക കോശങ്ങളിൽ ഘനീഭവിച്ച ഭാവനയുടെ നിറഞ്ഞാട്ടത്തിൽ പിറന്നു വീഴുന്ന പ്രണയത്തിന്റെ ആകൃതിയുള്ള കവിതകൾക്കും ഗാനങ്ങൾക്കും ലൈംഗിക ഹോർമോണുകളുടെ ഗന്ധമാണ്. കാറ്റിനൊത്തു പാടുന്ന ഓടക്കുഴലിന് എന്തുകൊണ്ട് താൻ പാടുന്നു എന്നറിയില്ല.
ഭൂലോകത്തുള്ള മുഴുവൻ ജീവജാലങ്ങൾക്കും ആഹാരം ഉല്പാദിപ്പിക്കുന്നത് സസ്യങ്ങളാണ്. സാങ്കേതികമായി ഫോട്ടോട്രോഫിസം. സൗരോർജത്തെ തന്മാത്രകളിൽ (ATP) കെട്ടി ഭക്ഷണമായി ജീവജാതികൾക്ക് നൽകുന്ന ഭക്ഷ്യ നിർമ്മിതിയുടെ വാക്താക്കൾ. അതാണ് സസ്യകുലം. നാം തിന്നാൻ വേണ്ടി മാത്രം പിറന്നവർ. ഉപഭോക്താക്കൾ (consumers) എന്ന് അടയാളപ്പെടുത്താം.
അതവിടെ നിൽക്കട്ടെ. പടവലങ്ങ താഴേക്ക് വളരുന്നതോ…? പിന്നെയും തോറ്റു. അതിന്റെ വളരുന്ന അഗ്രഭാഗം ഒന്ന് ശ്രദ്ധിച്ചു നോക്കുക. എപ്പോഴും മുകളിലേക്ക് ചെറുതായിട്ടെങ്കിലും വളഞ്ഞിരിക്കും. പടവലങ്ങയുടെ നീളവും ഭാരവും കൊണ്ട് ഗ്രാവിറ്റിയെ അതിജീവിക്കാനുള്ള ശേഷി കുറവാണ്. വലിപ്പം കുറഞ്ഞ പടവലങ്ങ കാണുക. മലയാള അക്ഷര ലിപികളിൽ മനോഹരിയായ ‘റ’ തിരിച്ചിട്ടതു പോലെ വളഞ്ഞിരിക്കുന്നത് കാണാം.
പടവലങ്ങ മുകളിലേക്ക് വളരാതെ താഴേക്ക് നീളത്തിൽ, വലിപ്പത്തിൽ, വരുന്നതിനായി കർഷകർ അതിൻ്റെ അഗ്രത്തിൽ കല്ല് ചരടിൽ കെട്ടിയിരിക്കുന്നത് ചിലരെങ്കിലും കണ്ടിട്ടുണ്ടാവും. ഇനിയും കണ്ടിട്ടില്ലാത്തവർ ഒരു പച്ചക്കറി തോട്ടം സന്ദർശിക്കുക. കർഷകരോട് ചോദിക്കാനും മടിക്കേണ്ട…!