നീണ്ട യാത്രയ്ക്കുശേഷം സൗദിഅറബ്യ ജിദ്ദയിലെ താമസ സ്ഥലത്ത് തിരിച്ചെത്തുമ്പോള്‍ സന്തോഷത്തേക്കാൾ ഏറെ അഭിമാനമാണ് കോഴിക്കോട് സ്വദേശി ഹാറൂണ്‍ റഫീഖിനും ഭാര്യ കാസര്‍കോടുകാരി ഡോ. ഫര്‍സാനയ്ക്കും. പുതിയ അനുഭവങ്ങള്‍ തേടിയായിരുന്നു ദമ്പതികളുടെ ബൈക്ക് യാത്ര. ഇക്കഴിഞ്ഞ ഫെബ്രുവരി 17ന് ജിദ്ദയില്‍ നിന്ന് യമഹ സൂപ്പര്‍ ടെനേരെ ബൈകില്‍ യാത്ര തിരിച്ച ദമ്പതികള്‍ 21 ദിവസത്തിനിടയിൽ ആറ് രാജ്യങ്ങളിലൂടെ 6000 ലധികം കിലോമീറ്ററിലധികം പിന്നിട്ടാണ് തിരിച്ചെത്തിയത്. 10 ബോര്‍ഡര്‍ ക്രോസിംഗുകളും 20 സ്റ്റാപിങുമുണ്ടായിരുന്ന യാത്ര വേറിട്ട അനുഭവമായിരുന്നുവെന്ന് ഹാറൂണും ഫര്‍സാനയും പറഞ്ഞു.
സൗദി അറേബ്യ, ജോര്‍ദാന്‍, ബഹ്റൈന്‍, ഖത്വര്‍, യുഎഇ, ഒമാന്‍ എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. ഇത്തരമൊരു യാത്രയ്ക്ക് ഇവര്‍ ഇറങ്ങിയത് ഇതാദ്യമല്ല, വിവിധയിടങ്ങളിലൂടെ ബൈക്കില്‍ 12 ലോക സഞ്ചാരങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ലിംക ബുക് ഓഫ് റെകോര്ഡിസലടക്കം ഇടം നേടിയിട്ടുണ്ട് ഈ അപൂർവ്വ ദമ്പതികൾ. അങ്ങനെയുള്ള ഒട്ടേറെ അനുഭവങ്ങളുടെ കരുത്തുമായായിട്ടായിരുന്നു 13-ാം യാത്ര. ഇത്തവണത്തെ യാത്രയിൽ ആദ്യ ദിനം 700 ലധികം കിലോമീറ്ററാണ് സഞ്ചരിച്ചത്. സൗദി അറേബ്യയിലെ ബദ്ര്, അല്‍ ഉല, മദായിന്‍ സാലിഹ്, മൂസാ നബിയുടെ ചരിത്ര സാക്ഷ്യമായ മഖ്ന തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് ജോര്‍ദാനില്‍ എത്തിയത്. സൗദിയില്‍ നിന്ന് ജോര്‍ദാനിലേക്ക് മലകളും മരുഭൂമിയുമെല്ലാം പിന്നിട്ട് ഇവര്‍ സഞ്ചരിച്ചത് 1350 കിലോമീറ്ററാണ്.
ജോര്‍ദാനില്‍ പെട്ര, ചാവുകടല്‍, ഖുര്‍ആനില്‍ അല്‍കഹ്ഫ് സൂറതില്‍ പരാമര്‍ശിച്ച ഗുഹ, ജറാഷ്, മൗണ്ട് നെബു, ശുഐബ് നബിയുടെ മഖ്ബറ, അഖബ, അമ്മാന്, വാദി റം തുടങ്ങിയവ സന്ദര്‍ശിച്ചു. ആറ് ദിവസം നീണ്ട ജോര്‍ദാന്‍ യാത്ര അവിസ്മരണീയമായ അനുഭവമാണ് സമ്മാനിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. ജോര്‍ദാനില്‍ നിന്ന് സൗദിയില്‍ തിരിച്ചെത്തിയ ഇവർ ദമാമില്‍ നിന്ന് കിംഗ് ഫഹദ് കോസ് വേ വഴി കടല്‍ കാഴ്ചകള്‍ ആസ്വദിച്ച് ബഹ്റൈനിലെത്തി. സല്‍വ ബോര്‍ഡര്‍ വഴി പിന്നെ ഖത്തറിലേയ്ക്ക്.
തുടർന്ന് യുഎഇയിലെത്തി. ഷാര്‍ജ, ദുബൈ, അജ്മാന്, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ വഴി ഒമാന്‍ ബോര്‍ഡറിലെത്തി. എന്നാല്‍ അപ്രതീക്ഷിതമായി യുഎഇയിലേക്ക് കടക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും എമിഗ്രേഷനില്‍ ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു.കടമ്പകൾ അതിജീവിച്ച് മുന്നോട്ട്. തുടര്‍ന്നങ്ങോട്ടുള്ള യാത്ര ദമ്പതികള്‍ക്ക് അത്ഭുതകരമായിരുന്നു. ഒരുവശത്ത് നീലിമയാര്‍ന്ന കടലും മറുവശത്ത് മലകളും താണ്ടിയുള്ള ആ യാത്ര നയനാനന്ദകരമായിരുന്നുവത്രേ. ശാന്തമായ കസബ് നഗരവും മനസില്‍ ഇടം പിടിച്ചു. കസബില് നിന്ന് അബുദബിയിലേക്കാണ് തുടര്‍ന്ന് യാത്ര ചെയ്തത്. ശൈഖ് സാഇദ് മസ്ജിദ് പരിസരത്ത് കണ്ട ഒരു യുഎഇ പൗരന് ഇവരെ അത്ഭുതപ്പെടുത്തി. മലയാളികളാണെന്ന് പറഞ്ഞപ്പോള്‍ തന്റെ വീട്ടില്‍ കയറണമെന്ന് അദ്ദേഹത്തിന് ഒരേ നിര്‍ബന്ധം. സ്നേഹത്തോടെയുള്ള ക്ഷണം സാഹചര്യങ്ങള്‍ കൊണ്ട് നിരസിക്കേണ്ടി വന്നു. മലയാളികളെ വാതോരാതെ പുകഴ്ത്തി സ്നേഹ സമ്മാനവും നല്‍കിയാണ് അദ്ദേഹം യാത്രയാക്കിയത്.
അവിടെ നിന്ന് വീണ്ടും ജിദ്ദയിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായി രണ്ടുപേരെ കണ്ടുമുട്ടി. ചൂട് കാരണം നനഞ്ഞ ടീ ഷര്‍ട് മാറ്റുന്നതിനായി ബത്തയ്ക്കും സല്‍വയ്ക്കും ഇടയിലുള്ള സ്ഥലത്തെ പെട്രോള്‍ പമ്പിലേക്ക് കയറിയപ്പോഴായിരുന്നു ബജാജ് ചേതക് സ്കൂട്ടറില്‍ ലോകം ചുറ്റാനിറങ്ങി ഏറെ ശ്രദ്ധനേടിയ കാസര്‍കോട് നായ്മാര്‍മൂല സ്വദേശികളായ ബിലാലിനേയും അഫ്സലിനേയും കണ്ടുമുട്ടിയത്. അതേസമയം തന്നെ വാനില്‍ ലോകം സഞ്ചാരത്തിന് ഇറങ്ങിയ സ്വിറ്റ്സര്‍ലന്‍ഡ് ദമ്പതികളും യാദൃശ്ചികമായി എത്തിയപ്പോള്‍ യാത്രകളെ പ്രണയിക്കുന്നവരുടെ സംഗമമായി മാറി അത്.
കേരള രജിസ്ട്രേഷന് നമ്പറിലുള്ള ബജാജ് ചേതക്കില്‍ സാഹസിക സവാരിക്ക് പുറപ്പെട്ട 22 വയസ് മാത്രം പ്രായമുള്ള ബിലാലും അഫ്സലും തങ്ങളെ അത്ഭുതപ്പെടുത്തിയെന്ന് ദമ്പതികള്‍ പറഞ്ഞു. വെറുമൊരു ആശയത്തില്‍ നിന്ന് പണം ഒപ്പിച്ചാണ് ഈ രണ്ട് യുവാക്കള്‍ തങ്ങളുടെ സ്വപ്ന യാത്രയ്ക്ക് പുറപ്പെട്ടത്. ഒടുവില്‍ ഹുഫൂഫ് വഴി വീണ്ടും ജിദ്ദയില്‍.
ഹാറൂണ്‍ 30 വര്‍ഷമായി സൗദിയില്‍ ഫൈബര്‍ ഒപ്റ്റിക് ബിസിനസ് ചെയ്യുന്നു. ബി.ഡി.എസ് ബിരുദധാരിയാണ് ഫര്‍സാന. ബിബിഎ പൂര്‍ത്തിയാക്കി ഇപ്പോള്‍ സൈകോളജി ചെയ്യുന്ന മകന് ആദിലും 12-ാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ അമലിന്റെയും പൂര്‍ണ പിന്തുണ മാതാപിതാക്കളുടെ സ്വപ്നങ്ങള്‍ തേടിയുള്ള യാത്രയ്ക്ക് പ്രചോദനമാകുന്നു.