LIFEMovie

സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ‘ഖുഷി’, റിലീസ് പ്രഖ്യാപിച്ചു; സെപ്തംബറില്‍ പ്രേക്ഷകരിലേക്ക്

സാമന്ത നായികയാകുന്ന പുതിയ ചിത്രമാണ് ‘ഖുഷി’. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. എന്തായാലും ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാർത്ത. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയുടെയും വിജയ് ദേവെരകൊണ്ടയുടെയും ചിത്രങ്ങൾ ഉൾക്കൊള്ളിച്ച ഒരു പോസ്റ്റർ പുറത്തുവിട്ടാണ് റിലീസ് തിയ്യതി അറിയിച്ചിരിക്കുന്നത്. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തടസ്സങ്ങളൊക്കെ നീങ്ങി ചിത്രം റിലീസാകുന്നുവെന്ന വാർത്ത പുറത്തുവന്ന സന്തോഷത്തിലാണ് ആരാധകർ.

ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിച്ചിരുന്നു. മണി ശർമയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരുന്നത്. ‘ലൈഗർ’ എന്ന ചിത്രം പരാജയമായിരുന്നു. സാമന്ത നായികയായി വൈകാതെ പ്രദർശനത്തിനെത്താനുള്ള ചിത്രം ‘ശാകുന്തളം’ ആണ്. ഗുണശേഖർ ആണ് ശാകുന്തളം എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയിൽ സാമന്ത ‘ശകുന്തള’യാകുമ്പോൾ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഏപ്രിൽ 14ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം സാമന്തയുടെ ആരാധകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: