േകാഴിക്കോട്: യുഡിഎഫ് കണ്‍വന്‍ഷന്റെ വേദിയില്‍ ഒരു വനിത പോലും ഇല്ലാത്തതിനു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. യുഡിഎഫ് മുക്കത്ത് സംഘടിപ്പിച്ച കണ്‍വന്‍ഷന്റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ”രാജ്യത്ത് 50 ശതമാനവും സ്ത്രീകളാണ്. അത്രയും വേണമെന്നു ഞാന്‍ പറയില്ല. പക്ഷേ പത്തോ പതിനഞ്ചോ ശതമാനമെങ്കിലും ഈ വേദിയില്‍ സ്ത്രീകള്‍ക്ക് അവസരം നല്‍കണമായിരുന്നു”- രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം, പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കര്‍ഷകരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ബുദ്ധിമുട്ടിക്കുകയാണെന്നു രാഹുല്‍ ആരോപിച്ചു. കാര്‍ഷിക വിളകളുടെ വിലയിടിവും വന്യമൃഗശല്യവും മൂലം കര്‍ഷകര്‍ ദുരിതത്തിലാണ്. സംസ്ഥാന സര്‍ക്കാര്‍ ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
അതിനിടെ, വീട്ടിലേക്ക് എത്രവട്ടം പോലീസിനെ അയച്ചാലും എത്ര കേസ് എടുത്താലും എത്ര തവണ ആക്രമിച്ചാലും തന്നെ ഭയപ്പെടുത്താനാകില്ലെന്നു രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ”പ്രധാനമന്ത്രിയെന്നാല്‍ ഇന്ത്യയല്ല.അദ്ദേഹത്തെ വിമര്‍ശിച്ചാല്‍ രാജ്യത്തെ വിമര്‍ശിക്കലാകില്ല. പ്രധാനമന്ത്രിയും ബിജെപിയും ആര്‍എസ്എസും കരുതുന്നത് അവരാണ് ഇന്ത്യ എന്നാണ്. പ്രധാനമന്ത്രി ഒരു ഇന്ത്യന്‍ പൗരന്‍ മാത്രമാണ്. പ്രധാനമന്ത്രിയെയോ ആര്‍എസ്എസിനെയോ ബിജെപിയോ വിമര്‍ശിക്കുന്നത് ഇന്ത്യയെ വിമര്‍ശിക്കലല്ല. യഥാര്‍ഥത്തില്‍ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തുകൊണ്ടു പ്രധാനമന്ത്രിയും ബിജെപിയും ആര്‍എസ്എസുമാണ് ഇന്ത്യയെ ആക്രമിക്കുന്നത്. അവര്‍ക്ക് പലരെയും ഭീഷണിപ്പെടുത്താം, സമ്മര്‍ദത്തിലാക്കാം. പക്ഷേ എന്നെ അതിനു സാധിക്കില്ല. അതിനൊരു കാരണമുണ്ട്; ഞാന്‍ സത്യത്തില്‍ വിശ്വസിക്കുന്നു, സത്യത്തിനു വേണ്ടിയാണ് പോരാടുന്നത്. ജീവിതം മുഴുവന്‍ നുണ മാത്രം പറയുന്നവര്‍ക്കും നുണയുടെ മറവില്‍ ഒളിച്ചിരിക്കുന്നവര്‍ക്കും ഇതു മനസ്സിലാകണമെന്നില്ല” -രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.