CrimeNEWS

ഒന്നരമണിക്കൂര്‍ നീണ്ട ക്രൂരമര്‍ദനം; ലഹരിവിമുക്ത കേന്ദ്രത്തില്‍ അന്തേവാസിയെ തല്ലിക്കൊന്നു

അഹമ്മദാബാദ്: ഗുജറാത്തിലെ ലഹരിവിമുക്ത കേന്ദ്രത്തിലെ അന്തേവാസിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ഫെബ്രുവരി 17-ന് പത്താനിലെ ‘ജ്യോന ഡി-അഡിക്ഷന്‍ സെന്ററി’ല്‍ മരിച്ച ഹര്‍ദിക് സുത്താര്‍ എന്നയാളുടെ മരണമാണ് ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ ഏഴുജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, കേസിലെ മുഖ്യപ്രതിയും ലഹരിവിമുക്ത കേന്ദ്രത്തിലെ മാനേജരുമായ സന്ദീപ് പട്ടേലിനെ പിടികൂടാനായിട്ടില്ല.

കേന്ദ്രത്തിലെ മാനേജര്‍ ഉള്‍പ്പെടെയുള്ള എട്ടംഗസംഘം ഹര്‍ദിക്കിനെ മര്‍ദിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. യുവാവിനെ ഒന്നരമണിക്കൂറോളം തുടര്‍ച്ചയായി മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

സൂറത്ത് ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടിരുന്ന മെഹ്സാന സ്വദേശിയായ ഹര്‍ദിക്കിനെ ആറുമാസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്. ഫെബ്രുവരി 17-നാണ് ഇയാള്‍ മരിച്ചത്. രക്തസമ്മര്‍ദം കുറഞ്ഞ് മരണം സംഭവിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. എന്നാല്‍, ആഴ്ചകള്‍ക്ക് ശേഷം സംഭവം കൊലപാതകമാണെന്ന സംശയം ഉന്നയിച്ച് പോലീസിന് പരാതി ലഭിക്കുകയായിരുന്നു. ഇതോടെ പോലീസ് കേന്ദ്രത്തിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ക്രൂരമര്‍ദനത്തിന്റെ തെളിവുകള്‍ കണ്ടെത്തിയത്.

ലഹരിവിമുക്ത കേന്ദ്രത്തിലെ മാനേജരായ സന്ദീപ് പട്ടേല്‍ അടക്കമുള്ള എട്ട് ജീവനക്കാരാണ് ഹര്‍ദിക്കിനെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 17-ാം തീയതി ശൗചാലയത്തില്‍വെച്ച് ഹര്‍ദിക് കൈത്തണ്ട മുറിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രതികള്‍ യുവാവിനെ ക്രൂരമായി മര്‍ദിച്ചത്. യുവാവിന്റെ കൈകാലുകള്‍ കെട്ടിയിട്ട വലിയ പ്ലാസ്റ്റിക് പൈപ്പുകള്‍ കൊണ്ടായിരുന്നു മര്‍ദനം. ഒന്നരമണിക്കൂറോളം നീണ്ട മര്‍ദനത്തിന് ശേഷം പ്ലാസ്റ്റിക് പൈപ്പ് കത്തിച്ച് ഉരുകിയൊലിച്ച ചൂടുള്ള ദ്രാവകം സ്വകാര്യഭാഗങ്ങളില്‍ ഒഴിക്കുകയും ചെയ്തു. ശരീരത്തിലെ രോമങ്ങളും കരിച്ചു.

കേന്ദ്രത്തിലെ മറ്റ് അന്തേവാസികള്‍ക്ക് മുന്നില്‍വെച്ചാണ് ഹര്‍ദിക്കിനെ പ്രതികള്‍ ആക്രമിച്ചത്. ഹര്‍ദിക് ചെയ്തതുപോലെ ആരെങ്കിലും ചെയ്താല്‍ ഇതായിരിക്കും ഫലമെന്നും പ്രതികള്‍ അന്തേവാസികളെ ഭീഷണിപ്പെടുത്തിയിരുന്നു.

 

 

Back to top button
error: