KeralaNEWS

മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താന്‍ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ല: എം.വി. ഗോവിന്ദന്‍

കോട്ടയം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കോട്ടയത്തെത്തിയ ജനകീയ പ്രതിരോധ ജാഥയോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. കടകംപള്ളിക്കും തോമസ് ഐസകിനും സ്വപ്നക്കെതിരെ മാനനഷ്ട കേസ് നൽകാൻ പാർട്ടി അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയമാണ്. അതൊന്നും ഗുരുതരമായതല്ല. തന്നെ പോലും അറിയാത്ത ആള്‍ തന്നെ കുറിച്ച് പറഞ്ഞു എന്നാണല്ലോ പറഞ്ഞത്. സത്യസന്ധമായ കാര്യങ്ങള്‍ ആര് മൂടിവെച്ചാലും പുറത്ത് വരും. ‘മടിയില്‍ കനമുള്ളവനെ വഴിയില്‍ ഭയപ്പെടേണ്ടതുള്ളൂവെന്ന് പിണറായി നേരത്തെ പറഞ്ഞതാണ്. അത് ശരിയാണ്. മുഖ്യമന്ത്രിക്ക് വേറെ എന്തെല്ലാം പണികളുണ്ട്. മാനനഷ്ടം കൊടുക്കലല്ല പണി. മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടുത്താന്‍ ആയിരംവട്ടം ശ്രമിച്ചാലും അത് നഷ്ടപ്പെടില്ല. ആ ഉറപ്പുണ്ട്’ നിങ്ങൾ എത്ര വിചാരിച്ചാലും മുഖ്യമന്ത്രിയുടെ മാനം നഷ്ടപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരത്ത് സർക്കാരിന് വീഴ്ചയില്ല. മുഖ്യമന്ത്രി ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ത്രിപുരയിൽ ബിജെപി കാടത്തം കാണിക്കുന്നു. ഗുണ്ടായിസം നടത്തുന്നു. സി പി എം സംസ്ഥാന സമിതി അംഗങ്ങൾ പോലും ആക്രമിക്കപ്പെടുന്നു. പശു സംരക്ഷകർ എന്നു പറയുന്നവർ പശുക്കളെ വരെ കൊല്ലുന്നു. പ്രതിപക്ഷ നേതാക്കളെ പോലും കാണാൻ ഗവർണർ തയാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തെ എതിർക്കുന്നു. കോർപറേറ്റുകളുടെ കൈയിൽ പണം എത്തിക്കാനാണ് കേന്ദ്ര ശ്രമം. ഇത് പ്രതിഷേധാര്‍ഹമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

വ്യവസായ സംരംഭങ്ങളുടെ എണ്ണത്തിൽ കുറച്ചു കുറവുണ്ടാകാം. അതിൽ ആശങ്ക വേണ്ട. പട്ടിക പൂർത്തിയാകുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കാം. ജാഥ നടത്തുമ്പോൾ സ്വാഭാവികമായും ചില ബുദ്ധിമുട്ടുകൾ ഉണ്ടാകും. അത് ജനാധിപത്യ സമൂഹത്തിന്റെ ഭാഗമായി സഹിച്ചേ മതിയാകൂ. പാലായിൽ ജാഥ സ്വീകരണത്തിനായി ബസ് സ്റ്റാൻഡ് അടച്ച സംഭവത്തോടായിരുന്നു പ്രതികരണം.

ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിൽ പ്രശ്നപരിഹാര നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയടക്കം പരിശോധിച്ച് മുന്നോട്ട് പോകും. നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. ചർച്ച നടത്തി സർക്കാർ തീരുമാനം എടുക്കും. ആരെയും ശത്രുപക്ഷത്ത് നിർത്തില്ല. ആരെയും മിത്രമെന്ന നിലയിൽ കണ്ടും കൈകാര്യം ചെയ്യില്ല. സമാധാനം നിലനിറുത്താൻ വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: