LIFEMovie

സുബി സുരേഷ് മരണത്തിന് മുമ്പ് എടുത്തുവെച്ച വീഡിയോ പുറത്തുവിട്ട് കുടുംബം; നിരവധി വീഡിയോകള്‍ ഇനിയും പബ്ലിഷ് ചെയ്യാനുണ്ടെന്ന് സഹോദരൻ

നടിയും അവതാരകയുമായ സുബി സുരേഷ് മരണത്തിന് മുമ്പ് എടുത്തുവെച്ച നിരവധി വീഡിയോകൾ ഇനിയും പബ്ലിഷ് ചെയ്യാൻ ബാക്കിയുണ്ടെന്ന് സഹോദരൻ എബി സുരേഷ് അടുത്തിടെ അറിയിച്ചിരുന്നു. ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകൾ അപ്‍ലോഡ് ചെയ്യണം എന്ന് സുബി സുരേഷ് പറയുമായിരുന്നുവെന്നും എബി വ്യക്തമാക്കിയിരുന്നു. സുബി സുരേഷ് എടുത്തുവെച്ച ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. രണ്ട് മാസങ്ങൾക്ക് മുമ്പ് എടുത്ത വീഡിയോയാണെന്ന് പറഞ്ഞാണ് ഇപ്പോൾ പബ്ലിഷ് ചെയ്‍തിരിക്കുന്നത്.

സുബി സുരേഷിനെ സഹായിച്ചവർക്ക് നന്ദി അറിയിച്ച് അടുത്തിടെ സഹോദരൻ എബി സുരേഷ് എത്തിയിരുന്നു. എന്റെ ചേച്ചിയെ നിങ്ങളുടെയൊക്കെ കുടുംബത്തിലെ അംഗത്തെ പോലെ കണ്ടതിനും അവർക്ക് വേണ്ടി പ്രാർഥിച്ചതിനും എല്ലാവരോടും നന്ദി പറയുകയാണ് എന്നായിരുന്നു എബി സുരേഷ് വീഡിയോയിൽ വ്യക്തമാക്കിയത്. ചേച്ചിയെ ചികിത്സിച്ച ഡോക്ടർമാരോടും അതുപോലെ ഭൂമിയിലെ മാലാഖമാർ എന്ന് പറയുന്ന നേഴ്‍സുമാരോടും നന്ദി പറയുന്നു. ചേച്ചിയെ വളരെ നല്ല രീതിയിൽ തന്നെ അവർ പരിചരിച്ചു.

കരൾമാറ്റ ശസ്‍ത്രക്രിയയ്‍ക്ക് വേണ്ടി ഞങ്ങൾ കഷ്‍ടപ്പെട്ടപ്പോൾ അതിന്റെ പേപ്പർ വർക്കും കാര്യങ്ങളുമൊക്കെ വളരെയധികം ഞങ്ങളെ സഹായിച്ച സർക്കാർ അധികൃതർക്കും സുരേഷ് ഗോപി സാറിനും ഹൈബി ഈഡൻ സാറിനും എൽദോസ് കുന്നപ്പള്ളി സാറിനും ടിനി ചേട്ടനോടും ധർമ്മജൻ ചേട്ടനോടും പിഷാരടി ചേട്ടനോടും അതുപോലെ രാഹുലേട്ടനോടും എല്ലാം ഞങ്ങൾ നന്ദി പറയുകയാണ്. വളരെയധികം എല്ലാവരും കഷ്‍ടപ്പെട്ടു. എന്റെ ചേച്ചി വളരെയെധികം ആഗ്രഹിച്ച് തുടങ്ങിയതാണ് എഫ്‍ബി പേജും യൂട്യൂബ് ചാനലും. ആശുപത്രിയിലായിരുന്നപ്പോഴും എന്റെയടുത്ത് പറയുമായിരുന്നു, കുറച്ച് വീഡിയോകൾ ഞാൻ എടുത്തുവെച്ചിട്ടുണ്ട്. അത് വേഗം തന്നെ ഇടണം. ആശുപത്രിയിൽ നിന്ന് വരുമ്പോഴേക്ക് ആ വീഡിയോകൾ അപ്‍ലോഡ് ചെയ്യണം എന്ന് എന്റെയടുത്ത് പറയുമായിരുന്നു.

വീഡിയോകൾ നീ അപ്‍ലോഡ് ചെയ്‍തോ, ഞാൻ കുറച്ച് വ്ളോഗ് എടുത്ത് വെച്ചിട്ടുണ്ട് എന്ന് ഇടയ്‍ക്കിടെ പറയും. ആശുപത്രിയിലായിരുന്നപ്പോഴും ആളുടെ മനസ് ഇവിടെയായിരുന്നു. അതുകൊണ്ടുതന്നെ ഫേസ്ബുക്ക് പേജും യുട്യൂബ് ചാനലും ഞങ്ങൾ കളയാൻ ഉദ്ദേശിച്ചിട്ടില്ല. എന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ചേച്ചി എടുത്തു വെച്ചിരിക്കുന്ന വീഡിയോകൾ ഞങ്ങൾ അപ്‍ലോഡ് ചെയ്യാൻ പോകുകയാണ്. എല്ലാവരുടെയും പ്രാർഥനയും പിന്തുണയും വേണം. കൂടെ നിന്നതിന് നന്ദിയെന്നും പറഞ്ഞായിരുന്നു വീഡിയോ എബി സുരേഷ് അവസാനിപ്പിക്കുന്നത്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: