KeralaNEWS

പാലാ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ഇന്ന് 11ന് ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്; കാര്‍മല്‍ ജങ്ഷനില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി

കോട്ടയം: പാലാ മുനിസിപ്പല്‍ സ്റ്റാന്‍ഡില്‍ ഇന്നു രാവിലെ 11ന് ബോംബ് വയ്ക്കുമെന്നു ഭീഷണിക്കത്ത്. കോട്ടയം സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ ഉപേക്ഷിച്ച നിലയിലാണു കത്ത് കണ്ടെത്തിയത്. പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ ബോംബ് വയ്ക്കുമെന്നാണു ഭീഷണി. ഭീഷണി സന്ദേശം ഉള്‍പ്പെടുന്ന രണ്ടു കത്തുകളാണു കണ്ടെത്തിയത്. കത്തുകള്‍ക്കു പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്നാണു സംശയം.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്കു പാലായില്‍ രാവിലെ 11നു സ്വീകരണം നല്‍കാനിരിക്കെയാണു ഭീഷണിക്കത്ത് ലഭിച്ചത്. എം.വി.ഗോവിന്ദനെയും പാലാ മുനിസിപ്പല്‍ ചെയര്‍മാനെയും 25 കൗണ്‍സിലര്‍മാരെയുമാണ് ഉന്നമിടുന്നതെന്നും കത്തിലുണ്ട്. കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ട്. ‘സിറ്റിസണ്‍സ് ഓഫ് ഇന്ത്യ’ എന്ന പേരിലാണ് കത്ത് അവസാനിപ്പിക്കുന്നത്.

അതേസമയം, പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പാലാ-തൊടുപുഴ റോഡില്‍ കാര്‍മല്‍ ജങ്ഷന് സമീപമാണ് റോഡരികില്‍ ഉപേക്ഷച്ചനിലയില്‍ കണ്ടെത്തിയത്. ക്വാറികളിലും കിണറുകളിലും ഉപയോഗിക്കുന്നതരം 108 ഡിറ്റനേറ്റര്‍, 35 വയര്‍, പശ എന്നിവയാണ് കണ്ടെത്തിയത്.

റോഡ് വൃത്തിയാക്കാന്‍ എത്തിയ തൊഴിലുറപ്പ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് വിവരം പോലീസില്‍ അറിയിച്ചു. ക്വാറി ആവശ്യത്തിനു ശേഷം ഉപേക്ഷിച്ചതാകാമെന്നാണ് നിഗമനം. അന്വേഷണം ആരംഭിച്ചു.

Back to top button
error: