ന്യൂഡല്‍ഹി: ഹോളി ആഘോഷത്തിനിടെ ജപ്പാനില്‍നിന്നുള്ള യുവതിയെ ഒരുസംഘം അക്രമികള്‍ കടന്നുപിടിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ സംഭവത്തില്‍ വ്യാപക പ്രതിഷേധം. സാമൂഹ്യ മാധ്യമങ്ങളിലാണ് വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
ഡല്‍ഹിയിലാണ് സംഭവം നടന്നതെന്നാണ് സൂചന. എന്നാല്‍ പ്രചരിക്കുന്ന വീഡിയോ പഴയതാണോ എന്ന സംശയവുമുണ്ട്. ഒരു സംഘം അക്രമികള്‍ യുവതിയെ കടന്നുപിടിച്ച് നിറങ്ങള്‍ വാരിപ്പൂശുന്നതും തലയിലേക്ക് മുട്ടയെറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ തന്നെ കടന്നു പിടിക്കുന്ന വ്യക്തിയെ യുവതി അടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോകളുടെ ആധികാരികത പരിശോധിക്കുമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇത്തരമൊരു സംഭവം നടന്നിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണ്. അതോ പഴയ വീഡിയോ പ്രചരിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്. യുവതിയെ തിരിച്ചറിയാന്‍ എംബസിയെ സമീപിച്ചതായും ഡല്‍ഹി പോലീസ് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഡല്‍ഹി വനിതാ കമ്മിഷനും ഇടപെട്ടിട്ടുണ്ട്. സംഭവം അന്വേഷിച്ച് കേസെടുക്കാന്‍ ഡല്‍ഹി പോലീസിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി.