അഗര്‍ത്തല: ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ സംഘത്തിനു നേരെ ആക്രമണം. സിപിഎം രാജ്യസഭാ കക്ഷിനേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് സന്ദര്‍ശനം നടത്തിയത്. നേതാക്കളെ ദേഹോപദ്രവത്തിന് ശ്രമിച്ചെന്നും വാഹനങ്ങള്‍ അടിച്ചു തകര്‍ത്തെന്നുമാണ് പരാതി. സംഭവത്തില്‍ പോലീസ് കാര്യമായി ഇടപെട്ടില്ലെന്നും എംപിമാര്‍ ആരോപിച്ചു. ത്രിപുരയിലെ സംഘര്‍ഷ മേഖലകളാണ് ഇടത്, കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കുന്നത്. ബിശാല്‍ഗഡ് നിയമസഭാ മണ്ഡലം സന്ദര്‍ശിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ജനങ്ങളുമായി സംസാരിക്കുന്നതിനിടയില്‍ ഒരുകൂട്ടം ആളുകള്‍ എത്തി ആക്രമിക്കുകയായിരുന്നെന്നാണ് നേതാക്കള്‍ പറയുന്നത്.
ബിജെപി പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എംപിമാര്‍ ആരോപിച്ചു. ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വിവിധ ഇടങ്ങളില്‍ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാനാണ് പ്രതിപക്ഷ എംപിമാര്‍ ത്രിപുരയില്‍ എത്തിയത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനൊടുവില്‍ ത്രിപുര ഗവര്‍ണറെയും എംപിമാര്‍ കാണുന്നുണ്ട്.
”ബിസാല്‍ഗാഡ്, മോഹന്‍പുര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നോതാക്കളെ ബിജെപി ഗുണ്ടകള്‍ ആക്രമിച്ചു. നേതാക്കള്‍ക്ക് ഒപ്പമുണ്ടായിരുന്ന പൊലീസ് മൗനം പാലിക്കുകയാണ് ചെയ്തത്. നാളെ ബിജെപി അവിടെ വിജയറാലി സംഘടിപ്പിക്കുന്നുണ്ട്. പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്ത കലാപത്തിന്റെ വിജയമാണ് ആഘോഷിക്കുന്നത്” കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു.
ത്രിപുര തെരഞ്ഞെടുപ്പില്‍ 32 സീറ്റുകളുമായി ബിജെപി അധികാരത്തിലേറിയിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം വ്യാപകമായ അക്രമണങ്ങളാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷമായ ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചിരുന്നു.